കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയുടെ പരാക്രമം. ഞായറാഴ്ച രാവിലെയാണ് കോയമ്പത്തൂര്‍ പേരൂര്‍ ഭാഗത്തായി കാട്ടാന എത്തിയത്. ആനക്കട്ടിയില്‍ നിന്നാണ് ആന എത്തിയത്. ആദ്യം അക്രമാസക്തനല്ലാതിരുന്ന ആന പിന്നീട് പ്രകോപിതനാകുകയായിരുന്നു.
പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആന അക്രമം തുടങ്ങിയത്. വനംവകുപ്പ് ജീവനക്കാര്‍ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം തുടങ്ങി. ഇതോടെ ആന ഓടാന്‍ തുടങ്ങുകയായിരുന്നു.
പേരൂരില്‍നിന്ന് ശിരുവാണി ഭാഗത്തേക്കുള്ള പ്രധാനപാതയിലൂടെയാണ് ആന ഓടിയത്. ഓട്ടത്തിനിടെ മതിലിന് അപ്പുറത്ത് നില്‍ക്കുകയായിരുന്ന ഒരാളെ ആന ആക്രമിച്ചു. സമീപത്തെ കട തകര്‍ത്തുകൊണ്ട് മതിലിന് അപ്പുറം കടന്നാണ് ആന അക്രമം നടത്തിയത്. പ്രദേശവാസിയെ ആന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കേയുള്ളൂ.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയിറങ്ങിയത്. മേട്ടുപ്പാളയം മെയിന്‍ റോഡ് മുതല്‍ ആര്‍.എസ്. പുരം വരെയാണ് റോഡ് ഷോ. ഇതിന്റെ ഭാഗമായി എസ്.പി.ജിയും കോയമ്പത്തൂര്‍ സിറ്റി പോലീസും നഗരത്തില്‍ സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് കാട്ടാന ഭീതി വിതച്ചിരിക്കുന്നത്.