മഹാരാഷ്ട്രയിൽ അക്രമ പരമ്പര: കൂട്ടബലാത്സംഗത്തിന് ശേഷം ബാലികയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; 20കാരിയുടെ മൃതദേഹം ബാഗിൽ

പൂനെ: മഹാരാഷ്ട്രയിൽ സ്ത്രീകൾക്ക് നേരെ അക്രമ പരമ്പര. പൂനെയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പൂനെ സഖര്‍ നഗറിലുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പൂനെയില്‍ തന്നെയുള്ള വര്‍ജെ മാല്‍വാഡി മേഖലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മറ്റൊരു സുഹൃത്തിനൊപ്പം ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് ശേഷം തിരിച്ചു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. ഈ സമയത്ത് മൂന്ന് പേര്‍ എത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മുറിയില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിച്ചു. ഇതോടെ മുറിയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ തോക്കു ചൂണ്ടി കുട്ടിയെ ഭീഷണിപ്പെടുത്തി.

മുറി വിട്ട് പുറത്തു പോയാല്‍ വെടിവെക്കുമെന്നും രണ്ടു പേര്‍ കൂടി വരാനുണ്ടെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് കുട്ടി ആവര്‍ത്തിച്ചതോടെ ഇയാള്‍ വെടിവെച്ചു. നെഞ്ചിന് നേരെയാണ് വെടിയുതിര്‍ത്തതെങ്കിലും കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയില്ല. നെഞ്ചിനോട് ചേര്‍ത്ത് മൊബൈല്‍ ഫോണ്‍ പിടിച്ചു നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്താണ് ആക്രമിച്ചയാള്‍ വെടിവെച്ചത്. വെടിയുണ്ട മൊബൈല്‍ ഫോണില്‍ തറച്ചതിനാലാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്.

അക്രമികള്‍ തന്നെയാണ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും അടുത്തുള്ള ആശുപത്രിയില്‍ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞത്. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ പെണ്‍കുട്ടിയെ പിന്നീട് വീട്ടുകാര്‍ക്കൊപ്പം അയച്ചു. സുഹൃത്തിന്റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

മറ്റൊരു സംഭവത്തില്‍, റോഡരികില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ രണ്ട് പേരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മറ്റ് മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.രാവിലെ പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്.സ്ഥലത്തു കാണായതവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News