കൊൽക്കത്ത: ബംഗാൾ വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയില്‍നിന്നും പുറത്താക്കണമെന്ന് ഗവർണർ സി.വി ആനന്ദബോസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവം ലംഘിച്ചെന്നാണ് ആരോപണം.
ഗൂർ ബംഗ സർവകലാശാലയിൽ രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാറിനോട് നടപടിയെടുക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 30-നായിരുന്നു എം.പിമാരും എം.എൽ.എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്ന യോഗം.
ഇക്കാര്യത്തിൽ അദ്ദേഹത്തിനെതിരെ കർശന നടപടി ആവശ്യമാണെന്ന് ഗവർണർ സർക്കാറിന് നിർദേശം നൽകി. ക്യാബിനെറ്റിൽ നിന്നും ബസുവിനെ പുറത്താക്കണമെന്നും നിർദേശമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിസരത്ത് യോഗം നടത്തിയ മന്ത്രിയുടെ നടപടി സർവകലാശാലാ സംവിധാനത്തിന് അപകീർത്തി വരുത്തിയെന്ന് ചാൻസലർ കൂടിയായ ഗവർണർ വ്യക്തമാക്കി.