കാസര്‍കോട്; റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വാദങ്ങള്‍ ദുര്‍ബലമാണ്. വിചാരണക്കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും ശിക്ഷിക്കാന്‍ മതിയായ തെളിവുകളുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. നേരത്തേ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്
വെറുതെവിട്ടത്. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.
അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നത്. മരണത്തിന് മുമ്പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്താനുള്ള അവസരം നഷ്ടമാക്കിയെന്നും കോടതി വിമര്‍ശിച്ചു.
മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. കോടതിയുത്തരവില്‍ ഗുരുതര ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമെതിരേയുള്ളത്.
അന്വേഷണം കൃത്യമായിരുന്നെങ്കിൽ ഇത്തരമൊരു വിധി വരില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ ടി.എസ്.അബ്ദുൾഖാദർ ’മാതൃഭൂമി’യോട് പ്രതികരിച്ചിരുന്നു. ഗൂഢാലോചന ഉൾപ്പെടെ പല കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ വിട്ടുകളഞ്ഞു. കുടുംബാംഗങ്ങളെ കാണാനോ അവരെ കേൾക്കാനോ അന്വേഷണ ഉദ്യോഗസ്ഥരാരും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.