സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികള്‍,കൂടുതല്‍ തിരുവനന്തപുരത്ത്, കുറവ് ആലത്തൂരില്‍; മിക്കയിടത്തും അപരശല്യം
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പത്രികാസമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ സ്ഥാനാര്‍ഥികള്‍ 290 പേര്‍. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ അവസാന ദിവസമാണ് പത്രിക നല്‍കിയത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും വയനാട്ടിലെ എൻഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും റോഡ് ഷോ നടത്തിയശേഷമാണ് പത്രിക നല്‍കാന്‍ വരണാധികാരിക്ക് മുന്നിലെത്തിയത്.
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാർഥി കെ സി വേണുഗോപാലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ എം ആരിഫും പത്രിക നല്‍കി. നെഹ്റു ഭവനിൽ നിന്ന് റാലിയായി എത്തിയാണ് കെ.സി വേണുഗോപാൽ പത്രിക നൽകിയത്. രമേശ് ചെന്നിത്തല അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു. മുന്‍ മന്ത്രി ജി. സുധാകരനാണ് ആരിഫിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും പത്രിക സമർപ്പിച്ചു. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്‍, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എന്നിവരും ഇന്ന് നാമനിര്‍േദശപത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് സ്ത്രീകളെ അണിനിരത്തി വൻ ശക്തി പ്രകടനം കാഴ്ചവച്ചാണ് ഷാഫി നാമനിർദ്ദേശപത്രിക നൽകാൻ എത്തിയത്.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജും മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
തൃശൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും മാവേലിക്കരയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ബൈജു കലാശാലയും പാലക്കാട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും പത്രിക നല്‍കി. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എന്‍ കെ പ്രേമചന്ദ്രനും ഇന്ന് പത്രിക സമര്‍പ്പിച്ചു.
നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂരിൽ ഇക്കുറി അപരന്മാരുടെ വിളയാട്ടമാണ്. സാധാരണ അപരന്മാരെ പോലെയല്ല, ഇക്കുറി കണ്ണൂരിലെ അപരന്മാർ. യു ഡി എഫ് – എൽ ഡി എഫ് സ്ഥാനാർഥികളുടെ പേരിലെ ഒരക്ഷരം പോലും മാറ്റമില്ലാത്തവരാണ് ഇത്തവണത്തെ അപരന്മാർ. യു ഡി എഫ് സ്ഥാനാർഥി കെ സുധാകരന് അതേ പേരും ഇനിഷ്യലുമുള്ള രണ്ട് അപരന്മാരാണ് ഉള്ളത്. എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജനാകട്ടെ അതേ പേരും ഇനിഷ്യലുമുള്ള ഒരു അപരനാണ് ഉള്ളത്. രണ്ട് ജയരാജന്മാരും ഒരു എം വി ജയരാജനുമാണ് ഒർജിനൽ എം വി ജയരാജന് പുറമേ പത്രിക നൽകിയിട്ടുള്ളത്.
. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചെന്നും സൂക്ഷ്മ പരിശോധന നാളെ നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥികളുടെ മണ്ഡലം തിരിച്ചുള്ള വിവരങ്ങളും വാർത്താക്കുറിപ്പിലൂടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.
തിരുവനന്തപുരം 22, ആറ്റിങ്ങല്‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂര്‍ 15, ആലത്തൂര്‍ 8, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂര്‍ 18, കാസര്‍കോട് 13 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശ പത്രികയുടെ വിവരങ്ങൾ
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നാമനിർദ്ദേശപ്പട്ടിക നൽകിയത് 17 പേർ. കേരള കോൺഗ്രസ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനൊപ്പം രണ്ട് അപരന്മാരാണ് മത്സരിക്കുന്നത്. അവസാനദിവസം എട്ടുപേർ പത്രിക നൽകി. പി.ഒ. പീറ്റർ (സമാജ്‌വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ), സുനിൽ കുമാർ (സ്വതന്ത്രൻ), ജോസിൻ കെ. ജോസഫ് (സ്വതന്ത്രൻ), മന്മഥൻ (സ്വതന്ത്രൻ), ഫ്രാൻസിസ് ഇ. ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിവരാണ് ഇന്നലെ പത്രിക നൽകിയത്.
തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), ബേബി മത്തായി (കേരളാ കോൺഗ്രസ് എം), തുഷാർ (ഭാരത് ധർമ ജന സേന), വിജുമോൻ ചെറിയാൻ (ബഹുജൻ സമാജ് പാർട്ടി), തമ്പി (എസ്.യു.സി.ഐ.-സി), സ്വതന്ത്രസ്ഥാനാർഥികളായി ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം. എന്നിവർ നേരത്തെ പത്രിക നൽകിയിരുന്നു