മുംബൈ: ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ബാങ്ക് എക്‌സിക്യൂട്ടിവെന്ന വ്യാജേന കാംബ്ലിയെ വിളിച്ച തട്ടിപ്പുകാരന്‍ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി 1.14 ലക്ഷം രൂപയാണ് കാംബ്ലിയുടെ ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്. തുടര്‍ന്ന് ബാന്ദ്ര പോലീസില്‍ താരം പരാതിനല്‍കുകയും പോലീസ് പണം വീണ്ടെടുക്കുകയും ചെയ്തു.
കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരന്‍ കാംബ്ലിയെ വിളിച്ചത്. കെവൈസി വിവരങ്ങള്‍ അപേഡ്റ്റ് ചെയ്തില്ലെങ്കില്‍ എടിഎം കാര്‍ഡ് ഡിആക്ടിവേറ്റ് ആകുമെന്ന് തട്ടിപ്പുകാരന്‍ കാംബ്ലിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ‘എനിഡെസ്‌ക്’ വഴി കാംബ്ലിയുടെ സിസ്റ്റത്തില്‍ പ്രവേശിച്ച തട്ടിപ്പുകാരന്‍ പല തവണകളായി പണം പിന്‍വലിക്കുകയായിരുന്നു.
തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കിയ കാംബ്ലി പോലീസില്‍ പരാതിപ്പെട്ടു. ഏത് അക്കൗണ്ടിലേക്കാണോ തട്ടിപ്പുകാരന്‍ പണം മാറ്റിയത് അതേ അക്കൗണ്ടില്‍ നിന്ന് തന്നെ പണം തിരികെ നല്‍കാന്‍ പോലീസ് ബാങ്കിനോട് ആവശ്യപ്പെടുകയും ബാങ്ക് പണം തിരികെനല്‍കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തുകയാണ്.