ന്യൂഡൽഹി: ലൈംഗികാതിക്രമാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അവാർഡുകൾ മടക്കി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകി. അർജുന അവാർഡ് ഫലകം കർത്തവ്യപഥിൽ വച്ച് വിനേഷ് മടങ്ങി. ഖേൽ രത്‌ന പുരസ്കാരവും റോഡിൽ വച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ താരങ്ങൾ പ്രതിഷേധിക്കുകയാണ്.
രാജ്യം നൽകിയ ഖേൽരത്നയും അർജുന അവാർഡും തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങൾ മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്നുവെന്നും, അവർ നീതി ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണെന്നും വിനേഷ് പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തിൽ കുറ്റപ്പെടുത്തി.
ബ്രിജ് ഭൂഷന്റെ വിശ്വസ്തർ തന്നെ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയതിൽ പിന്നാലെ സാക്ഷി മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചതും ബജ്രങ് പൂനിയും വിരേന്ദറും പത്മശ്രീ തിരികെ നൽകിയതും സർക്കാരിനെ സമ്മർദത്തിലാക്കിയിരുന്നു. പിന്നാലെയാണ് വിനേഷ് ഫോഗട്ടും പുരസ്കാരങ്ങൾ ഉപേക്ഷിച്ചത്.