തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടിവില്‍പന ശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതി രാജേന്ദ്രന്‍ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുന്നില്ല. കുറ്റം സമ്മതിച്ചെങ്കിലും തെളിവ് ശേഖരണത്തിനുള്ള മറ്റു ചോദ്യങ്ങളോട് അതിസമര്‍ഥമായി ഒഴിഞ്ഞുമാറുകയാണു രാജേന്ദ്രന്‍.
ഡിവൈഎസ്പി റാങ്കിലെ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ മാത്രമാണ് എന്തെങ്കിലും ഉത്തരം പറയുന്നത്. അല്ലാത്തവരുടെ ചോദ്യങ്ങള്‍ക്ക് മലയാളം അറിയില്ലെന്ന നിഷേധ മറുപടി മാത്രം. അതുകൊണ്ട് കത്തിയും കൊലചെയ്ത സമയത്ത് ധരിച്ച വസ്ത്രവും കണ്ടെത്താനായിട്ടില്ല. ഉപേക്ഷിച്ചയിടം മാറിമാറിപ്പറഞ്ഞ് പൊലീസിനെ ചുറ്റിക്കുകയാണ്.രാജേന്ദ്രന്‍ കേരളത്തില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി.
വിനീതയെ കൊന്ന രീതിയും കാരണവും രാജേന്ദ്രന്‍ ഏറ്റുപറഞ്ഞു. മോഷണം ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഞായറാഴ്ച അമ്പലമുക്കിലൂടെ നടന്നത്. നഴ്സറിയില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന വിനീതയുടെ കഴുത്തില്‍ സ്വര്‍ണമാല കണ്ടതോടെ പിടിച്ചുപറിക്കാന്‍ തീരുമാനിച്ചു. മാലയില്‍ കടന്ന് പിടിച്ചപ്പോള്‍ വിനീത എതിര്‍ത്തതോടെ കയ്യില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊന്നു.തന്നെ എതിര്‍ക്കുന്ന ആരെയും കൊല്ലുമെന്നും അതില്‍ പശ്ചാത്താപം തോന്നാറില്ലെന്നുമാണ്, വിനീതയ്ക്ക് മുന്‍പ് നാലുപേരുടെ ജീവനെടുത്ത രാജേന്ദ്രന്‍ പൊലീസിനോടു പറഞ്ഞത്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എംബിഎയും വിദ്യാഭ്യാസ യോഗ്യതയുള്ള രാജേന്ദ്രന്‍ വിനീതയെ കൊന്ന് കൈക്കലാക്കിയ മാല പണയംവച്ച് കിട്ടിയ 95,000 രൂപയില്‍ 32,000 രൂപ ക്രിപ്റ്റോ കറന്‍സി ഇടപാടിനായാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി.കത്തി തോര്‍ത്തില്‍ പൊതിഞ്ഞ് കയ്യില്‍ സൂക്ഷിച്ചാണ് മോഷണത്തിന് ഇറങ്ങുന്നത്. എതിര്‍ക്കുന്നവര്‍ കാണാതിരിക്കാനാണിത്. ആക്രമിക്കപ്പെടുന്നവര്‍ ബഹളംവച്ചാല്‍ ശബ്ദംപോലും പുറത്തുവരാത്ത തരത്തില്‍ കഴുത്തില്‍ തൊണ്ടയുടെ ഭാഗത്ത് കുത്തുന്ന അതിക്രൂരമാണ് രാജേന്ദ്രന്റെ രീതിയെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.