2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ ഭീഷ്മപര്‍വം. മിഖായേല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. പോസ്റ്റര്‍ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇന്നലെ ചിത്രത്തിലെ പുതിയ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഷെബിന്‍ ബെന്‍സണായിരുന്നു ക്യാരക്ടര്‍ പോസ്റ്ററിലുള്ളത്.
എന്നാല്‍ ഒറ്റ നോട്ടത്തില്‍ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണോ ഇതെന്നായിരുന്നു പോസ്റ്റര്‍ കണ്ട പലരുടേയും ചോദ്യം. സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മറുപടിയുമായി വിനീത് തന്നെ രംഗത്തെത്തി. സത്യമായിട്ടും ഇത് ഞാനല്ലെന്നും ഷെബിന്‍ ബെന്‍സനാണെന്നുമാണ് വിനീതിന്റെ പോസ്റ്റ്. ഭീഷ്മപര്‍വം ടീമിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം വിനീതിന്റെ പോസ്റ്റിന് താഴെ രസകരമായ പല കമന്റുകളും വരുന്നുണ്ട്. എവിടെയോ ഒരു ചായകാച്ചല്‍ ഫീല്‍ ചെയ്യുന്നെന്നും പാട്ട് പാടിച്ചു നോക്കേണ്ടി വരുമോ എന്നൊക്കെയാണ് ചിലരുടെ കമന്റ്. മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മ പര്‍വം 2022 ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. പഴയകാല ഡോണ്‍ ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.
ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ കഴിഞ്ഞ വര്‍ഷം ചിത്രീകരണം നടക്കേണ്ട ചിത്രമായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് വൈറലായ മമ്മൂട്ടിയുടെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഭീഷ്മ പര്‍വത്തിന് വേണ്ടിയുള്ളതായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നാദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
ആനന്ദ് സി ചന്ദ്രനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍.ജെ. മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.