ജയ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് കുളിക്കണമെന്ന് നിര്‍ദേശിച്ച് നാട്ടുകൂട്ടം. രാജസ്ഥാനിലെ സികാര്‍ ജില്ലയിലുള്ള ഖാപ് പഞ്ചായത്തിലാണ് അമ്മായിയും അനന്തരവനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിചിത്ര രീതിയിലുള്ള ശിക്ഷ വിധിച്ചത്.
മാത്രമല്ല, സാന്‍സി സമുദായത്തില്‍പ്പെട്ട സ്ത്രീയ്ക്കും പുരുഷനുമാണ് ഖാപ് പഞ്ചായത്തിന്റെ അപരിഷ്കൃത വിചാരണ നേരിടേണ്ടിവന്നത്. ഇവര്‍ക്ക് സാമൂഹ്യ ഇടപെടല്‍ സാധ്യമാകണമെങ്കില്‍ പുരുഷന് 31,000 രൂപയും സ്ത്രീ 22,000 രൂപയും കെട്ടിവയ്ക്കണമെന്ന് നാട്ടുകൂട്ടം ശിക്ഷിച്ചതായും വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 21 നായിരുന്നു സംഭവം. ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ നിരവധി പേര് എത്തിയിരുന്നു.
അതേസമയം, അപരിഷ്കൃതമായ നാട്ടുകൂട്ടത്തിന്റെ നടപടിയ്ക്കെതിരെ സാന്‍സി സമാജ് അംഗങ്ങള്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്കി. മാത്രമല്ല, സ്ത്രീയില്‍ നിന്നും പുരുഷനില്‍ നിന്നും ഖാപ് പഞ്ചായത്ത് ഈടാക്കിയ തുക തിരികെ നല്‍കണമെന്നും സാമൂഹ്യ അകലം പാലിക്കാതെ സംഘം ചേര്‍ന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
അന്വേഷണം തുടങ്ങിക്കഴിഞ്ഞുവെന്നും സംഭവത്തിന്റെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും സികാര്‍ എസ്പി ഹംഗന്‍ദീപ് സിംഗ്ല വ്യക്തമാക്കി.