ഹൈദരാബാദ്: സിനിമാ രംഗത്ത് ലേഡി അമിതാഭ് എന്ന വിളിപ്പേരുള്ള നടി വിജയശാന്തി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. തൊട്ടുപിന്നാലെ അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വിജയശാന്തി മാധ്യമങ്ങളുമായി സംസാരിച്ചു. എന്താണ് ബിജെപി വിടാന്‍ കാരണമെന്ന് അവര്‍ വിശദീകരിച്ചു.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപിയില്‍ ടിക്കറ്റ് കിട്ടാത്തത് കാരണമാണ് കളംമാറ്റമെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതെല്ലാം താരം തള്ളുന്നു. ബിജെപിയും തെലങ്കാന ഭരണകക്ഷിയായ ബിആര്‍എസും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി പറയുന്നു.
പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ച നേതാവാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍). അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി രംഗത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി വാക്ക് പാലച്ചില്ല. അതാണ് രാജിവയ്ക്കാന്‍ കാരണം. കോണ്‍ഗ്രസ് ബിജെപിക്കും ബിആര്‍എസിനും എതിരാണെന്നും വിജയശാന്തി പറഞ്ഞു.
ബിജെപിയും ബിആര്‍എസും പരസ്യമായി പോരടിക്കുമെങ്കിലും അവര്‍ തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് വിജയശാന്തി ആരോപിച്ചു. തെലങ്കാനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ വിഡ്ഡികളാക്കുകയാണ് ഇരുപാര്‍ട്ടികളും. കെസിആറിനെതിരെ കോണ്‍ഗ്രസ് പോരാടുമെന്നാണ് പ്രതീക്ഷ. കൊള്ളയടിച്ച പണം കണ്ടെത്തി ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും വിജയശാന്തി പറഞ്ഞു.
തെലങ്കാനയില്‍ ബിജെപി സ്വയം കുഴി തോണ്ടികയാണെന്ന് വിജയശാന്തി ആരോപിച്ചു. ബണ്ടി സഞ്ജയിയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ബിജെപിയുടെ തെറ്റായ നടപടിയാണ്. അതോടെയാണ് സംസ്ഥാനത്ത് ബിജെപി പിന്നാക്കം പോയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബണ്ടി സഞ്ജയിയെ മാറ്റരുതെന്ന് താന്‍ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജയശാന്തി വെളിപ്പെടുത്തി.
ബിജെപി എംഎല്‍എ ഈറ്റല രാജേന്ദര്‍ ആണ് ബണ്ടി സഞ്ജയിയെ മാറ്റാന്‍ വേണ്ടി കളിച്ചത്. ഈറ്റല രാജേന്ദര്‍ കെസിആറിന്റെ നിര്‍ദേശ പ്രകാരമാണ് കരുനീക്കം നടത്തിയത്. ഈറ്റലക്കെതിരായ ഭൂമി കൈയ്യേറ്റ കേസ് ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നുവെന്ന് നോക്കിയാല്‍ മതിയെന്നും വിജയശാന്തി ചൂണ്ടിക്കാട്ടി. നേരത്തെ ബിആര്‍എസിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച ശേഷമാണ് വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ രാജിവച്ച് വീണ്ടും കോണ്‍ഗ്രസിലെത്തിയിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രചാരണമാണ് നടത്തുന്നത്. കെസിആറിനെയും മോദിയെയും രണ്ടു വശങ്ങളിലായി കോയിന്‍ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയും ബിആര്‍എസും ഒരേ നിലപാടുകാരാണ് എന്നാണ് കോണ്‍ഗ്രസ് ആരോപണം. കോണ്‍ഗ്രസ് ഇത്തവണ മുന്നേറ്റം നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍. ഈ മാസം 30നാണ് തെലങ്കാന വോട്ടെടുപ്പ്. ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.