‘പുതിയ നേതാവ് പഴയ നേതാവിനെ കെട്ടിപ്പിടിക്കുന്നു’; കോണ്‍ഗ്രസിനെ പരിഹസിച്ച് വിജയരാഘവന്‍

തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ തമ്മിലടിയില്‍ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തമ്മിലടിക്കാന്‍ അല്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ലെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വമ്പിച്ച ഗൃഹസന്ദര്‍ശനം മാത്രമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്, പുതിയ നേതാവ് പഴയ നേതാവിനെ കണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങള്‍ക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവന്‍ ചോദിച്ചു. ഞായറാഴ്ച ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടി മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഇതിനെ പരിഹസിച്ചാണ് വിജയരാഘവന്റെ മറുപടി.

ഞായറാഴ്ച രാവിലെയാണ് സതീശന്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തിയത്. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. വൈകീട്ട് 3.30ന് ഹരിപ്പാട് എംഎല്‍എ ഓഫിസിലായിരുന്നു ചെന്നിത്തലയുമായുള്ള ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും കൂടിക്കാഴ്ചക്കുശേഷം സതീശന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News