വിജയ യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം; സമാപന സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തിയിരുന്നു. ഇന്ന് ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും. കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നല്‍കും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക ഇന്ന് അന്തിമമാകും. ഘടകക്ഷികളുടെ സീറ്റിന്റെ കാര്യത്തിലും ധാരണയാകും. കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലും ചര്‍ച്ചയുണ്ട്. എന്‍ഡിഎയുടെ പ്രചാരണമുദ്രാവാക്യം അമിത്ഷാ പ്രഖ്യാപിക്കാനാണ് സാധ്യത. 10നകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

നേമത്തെ സിറ്റിംഗ് എംഎല്‍എ ഒ. രാജഗോപാല്‍ മത്സരിക്കില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, നടന്‍ സുരേഷ്‌ഗോപി എന്നിവരുടെ കാര്യത്തില്‍ കേന്ദ്രഘടകമാണ് തീരുമാനമെടുക്കുക. കഴിഞ്ഞതവണ ബിജെപി. മത്സരിച്ചത് 99 സീറ്റിലാണെങ്കിലും ഇത്തവണ അതില്‍ക്കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധിതേടുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News