പെൻഷനും സൗജന്യ സിലിണ്ടറും;വധുക്കൾക്ക് ഒരു പവൻ സ്വർണ്ണവും പട്ടുസാരിയും, ബിരുദധാരികൾക്ക് 4,000 രൂപ സ്റ്റൈപ്പൻഡ്; തമിഴ്നാട്ടിൽ ‘വിസിൽ’ മുഴക്കാൻ വിജയ്; ജനപ്രിയ വാഗ്ദാനങ്ങളുമായി ടി.വി.കെ പ്രകടനപത്രിക

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയാകാൻ ഒരുങ്ങുന്ന തമിഴക വെട്രി കഴകം (ടി.വി.കെ) ജനപ്രിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പുറത്തിറക്കി. പാർട്ടി അധ്യക്ഷൻ വിജയ് തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയ ചടങ്ങിൽ, ജനപിന്തുണയുടെ അടയാളമായി വീടുകൾക്ക് മുന്നിൽ ‘വിസിൽ’ ചിഹ്നം കോലമായി വരയ്ക്കണമെന്ന് തമിഴ് മക്കളോട് അഭ്യർത്ഥിച്ചു. ഇത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടമ്മമാർക്ക് പെൻഷനും സൗജന്യ സിലിണ്ടറും സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് പത്രികയുടെ പ്രധാന ആകർഷണം. 60 വയസ്സിന് താഴെയുള്ള കുടുംബനാഥകൾക്ക് മാസംതോറും 2,500 രൂപ നേരിട്ട് അക്കൗണ്ടിലെത്തിക്കും.

വർഷത്തിൽ ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുന്നതിലൂടെ അടുക്കളച്ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. പിന്നാക്ക വിഭാഗങ്ങളിലെ വധുക്കൾക്ക് ഒരു പവൻ സ്വർണ്ണവും പട്ടുസാരിയും വിവാഹ സമ്മാനമായി നൽകും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശയില്ലാത്ത വായ്പ ഉറപ്പാക്കും.

അതുപോലെ, യുവതലമുറയെ ലക്ഷ്യം വെച്ച് വിപുലമായ പദ്ധതികളാണ് വിജയ് അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്കൂളിൽ നിന്ന് കൊഴിഞ്ഞുപോകാതിരിക്കാൻ കുട്ടികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ സഹായം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും.

ബിരുദധാരികൾക്ക് 4,000 രൂപയും ഡിപ്ലോമക്കാർക്ക് 2,500 രൂപയും പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.സംസ്ഥാനത്ത് അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.

കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കടമെഴുതിത്തള്ളൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. അഞ്ചേക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ കാർഷിക വായ്പകൾ പൂർണ്ണമായും ഒഴിവാക്കും. കരിമ്പിന് ടണ്ണിന് 4,500 രൂപയും നെല്ലിന് ക്വിന്റലിന് 3,500 രൂപയുമായി താങ്ങുവില ഉയർത്തും. ആരോഗ്യ മേഖലയിൽ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന വൻകിട പദ്ധതിയും ടി.വി.കെ ലക്ഷ്യമിടുന്നുണ്ട്.

മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി തമിഴ്നാടിനെ ലഹരിമുക്തമാക്കുമെന്നും വിജയ് വ്യക്തമാക്കി. രാഷ്ട്രീയത്തിലെ പാരമ്പര്യ കക്ഷികളെ വെല്ലുവിളിച്ചുകൊണ്ട് പുറത്തിറക്കിയ ഈ പത്രിക വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ തരംഗമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, തമിഴ്നാട് രാഷ്ട്രീയത്തിൽ തന്റെ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് കന്യാകുമാരിയിൽ നടത്തിയ സൈക്കിൾ റാലി ആവേശക്കടലായി മാറിയിരുന്നു. അതിനിടയിൽ ഒരാൾ ഫ്‌ളവർ ബോൾ എടുത്തെറിഞ്ഞത് ഏറെ ആശങ്ക സൃഷ്ടിക്കുകയും ഇത് കണ്ട് വിജയ് സൈക്കിളിനെ വിട്ട് തിരിഞ്ഞോടിയതും ഏറെ വർത്തയായിരുന്നു. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും സാധാരണക്കാരോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വിജയ് കന്യാകുമാരിയിൽ സൈക്കിളിലേറിയത്.

കടലോര ഗ്രാമങ്ങളിലൂടെയുള്ള വിജയ്‍യുടെ യാത്ര കാണാൻ പതിനായിരക്കണക്കിന് ആരാധകരും നാട്ടുകാരുമാണ് തടിച്ചുകൂടിയത്. ഇന്ധനവില വർദ്ധനവിനെതിരെയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശമായാണ് ഈ സൈക്കിൾ റാലി വിലയിരുത്തപ്പെട്ടത്. ലളിതമായ വേഷധാരണത്തിൽ, വലിയ സുരക്ഷാ സന്നാഹങ്ങളില്ലാതെ ജനങ്ങൾക്കിടയിലൂടെ വിജയ് സൈക്കിൾ ചവിട്ടിയത് അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ ശൈലിയുടെ ഭാഗമായാണ് കണക്കാക്കുന്നത്.

കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിന് സമീപത്തുനിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും സൈക്കിളുകളിൽ അദ്ദേഹത്തെ അനുഗമിച്ചു. വഴിനീളെ പൂക്കൾ വിതറിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ജനങ്ങൾ തങ്ങളുടെ പ്രിയതാരത്തെ വരവേറ്റത്. വെറുമൊരു സിനിമാ താരമെന്നതിലുപരി, ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ ആഗ്രഹിക്കുന്ന ഒരു നേതാവെന്ന നിലയിൽ വിജയ്‍യെ പ്രതിഷ്ഠിക്കാൻ ഈ റാലി സഹായിച്ചു. തമിഴ്നാടിന്റെ തെക്കേ അറ്റത്തുനിന്നും രാഷ്ട്രീയ വിജയത്തിന്റെ വിസിൽ മുഴക്കാനാണ് വിജയ് കന്യാകുമാരി തിരഞ്ഞെടുത്തത് എന്നത് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Vijay, the chief of Tamilaga Vettri Kazhagam (TVK), released a populist manifesto for the upcoming Tamil Nadu Assembly elections, promising ₹2,500 monthly for female heads of families and six free LPG cylinders annually. He urged supporters to draw the ‘Whistle’ symbol outside their homes as a mark of support. Ahead of the manifesto launch, Vijay led a massive cycle rally in Kanyakumari to protest rising fuel prices, where thousands gathered to witness his grassroots political outreach.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News