ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. ഇതോടെ ദേശീയ ഗാനത്തിന്റെ കാര്യത്തിൽ ബിജെപിയെക്കാൾ ഒരു പടി മുന്നിലാണ് താനെന്ന് വിജയ് തെളിയിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജനുവരി 28-ലെ ഉത്തരവ് വിജയ് സർക്കാർ പൂർണമായും നടപ്പിലാക്കി. 1950-ൽ ഭരണഘടനാ അസംബ്ലി അംഗീകരിച്ച രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന രീതിയിൽ നിന്നുള്ള വലിയൊരു മാറ്റമാണിത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്.
കഴിഞ്ഞ ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആ ചടങ്ങിൽ പങ്കെടുത്തിട്ടും അവിടെ കേന്ദ്ര നിർദ്ദേശം പാലിക്കപ്പെട്ടില്ല. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന വിജയ് തന്റെ ചടങ്ങിൽ കേന്ദ്ര നിർദ്ദേശം കൃത്യമായി പാലിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു.
വന്ദേമാതരം പൂർണമായും ആലപിച്ചതിന് ശേഷമാണ് ദേശീയ ഗാനം ആലപിച്ചത്. ഇതിനുശേഷം തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.
English Summary
The singing of the full six stanzas of ‘Vande Mataram’ during Vijay’s swearing-in ceremony as Tamil Nadu CM has sparked a national political debate. By adhering to the Union Home Ministry’s January 28 directive, Vijay demonstrated a brand of nationalism that positions him ahead of even the BJP, while putting his ally, the Congress, in a spot. The recitation took place in the presence of Rahul Gandhi, despite Congress’s historical opposition to making the full version of the song mandatory. This move marks a significant departure from the 1950 Constitutional Assembly tradition of singing only two stanzas.


