‘സ്വന്തം കുടുംബത്തെ ബഹുമാനിക്കൂ’; വിജയ്‌ക്കെതിരെ ടിവികെ നേതാവ് രഞ്ജന നാച്ചിയാർ

'സ്വന്തം കുടുംബത്തെ ബഹുമാനിക്കൂ'; വിജയ്‌ക്കെതിരെ TVK നേതാവ് രഞ്ജന നാച്ചിയാർ

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർസ്വരം. സ്വന്തം കുടുംബകാര്യങ്ങളിലെ നിലപാടുകൾ മുൻനിർത്തിയാണ് പാർട്ടി അംഗവും നേതാവുമായ രഞ്ജന നാച്ചിയാർ വിജയ്‌ക്കെതിരെ പരസ്യവിമർശനം ഉന്നയിച്ചിരിക്കുന്നത്. 25 വർഷത്തെ ദാമ്പത്യബന്ധം വേർപിരിയുന്ന സാഹചര്യത്തിൽ, വിജയ് നടത്തുന്ന പൊതു ഇടപെടലുകൾ തെറ്റായ മാതൃകയാണെന്ന് അവർ കുറ്റപ്പെടുത്തി.

മഹാബലിപുരത്ത് നടന്ന വനിതാ ദിന ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ അത്ര കാര്യമാക്കേണ്ടതില്ല എന്ന് വിജയ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഇത് ഭാര്യ സംഗീതയെയും കുടുംബത്തെയും അനാദരിക്കുന്നതാണെന്ന് രഞ്ജന ചൂണ്ടിക്കാട്ടി.

നിർമാതാവ് കൽപാത്തി സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ വിജയ് നടി തൃഷയ്ക്കൊപ്പം എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത്  ശരിയായ രീതിയല്ലെന്ന് രഞ്ജന തുറന്നടിച്ചു. ‘വിവാഹമോചന കേസ് നിലനിൽക്കേ ഇത്തരത്തിൽ മറ്റൊരു നടിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് തലമുറയ്ക്ക് നൽകുന്നത് മോശം സന്ദേശമാണ്. തമിഴ്‌നാടിന്റെ നേതാവാകാൻ ആഗ്രഹിക്കുന്നൊരാൾ ആദ്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കണം’ അവർ എഎൻഐയോട് പ്രതികരിച്ചു. 

1999-ൽ വിവാഹിതരായ വിജയ്‌യും സംഗീതയും തമ്മിൽ വേർപിരിയുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ, ചെന്നൈയിലെ തങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുമതി തേടി സംഗീത കോടതിയെ സമീപിക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രസംഗങ്ങളും തൃഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചത്. വിജയ്‌യുടെ പാർട്ടി അണികൾക്കിടയിൽ തന്നെ ഇത്തരമൊരു ചർച്ച ഉയർന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News