കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ലൈംഗിക ശേഷി പരിശോധിക്കും. അടുത്ത ദിവസങ്ങളിലായിരിക്കും ഇത് നടക്കുക. എന്നാൽ നടന്റെ കൊച്ചിയിലെ ആഡംബര ഫ്ളാറ്റിൽ ഇന്ന് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി രണ്ടുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന ഫ്ലാറ്റിലെത്തിച്ച് തെളിവുമെടുത്തു.
പീഡനക്കേസിൽ വിജയ് ബാബു കുറ്റം ചെയ്തതായി ബോദ്ധ്യപ്പെട്ടതായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. തുടർനടപടികൾ ഉടനുണ്ടാകും. പനമ്പള്ളി നഗറിലെ സ്യൂട്ടിലായിരുന്നു തെളിവെടുപ്പ്. കൊച്ചിയിലെ ചില ഹോട്ടലുകളിൽ വച്ചും പീഡിപ്പിച്ചെന്ന് യുവനടിയുടെ മൊഴിയിലുണ്ട്. വരും ദിവസങ്ങളിൽ ഇവിടെയും തെളിവെടുക്കും. തെളിവെടുപ്പിന് കൊണ്ടുംപോകുംമുമ്പ് വിജയ് ബാബുവിന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.
മുൻകൂർ ജാമ്യവ്യവസ്ഥപ്രകാരം വൈകിട്ട് വിജയ് ബാബുവിനെ വിട്ടയച്ചു. മൂന്നാം തീയതിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും കോടതി അനുമതിയുണ്ട്. രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ചോദ്യം ചെയ്യലിന് ഹാജരാകണം.
യുവനടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരെയുള്ളത്. ഏപ്രിൽ 22നാണ് പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. പിന്നാലെ ബംഗളൂരു വിമാനത്താവളംവഴി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെയിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ യുവതിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പൊലീസ് അദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പാസ്പോർട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഇടപെടലിലാണ് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്. ഇതിനിടെ പരാതിയിൽനിന്ന് പിന്മാറാൻ അതിജീവിതയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണമുയർന്നു. ഇതിലും പൊലീസ് അന്വേഷണമുണ്ടാകും.