പാലക്കാട് :ജില്ലയിലെ ഒല്ലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ജീവനക്കാർ ഒളിപ്പിച്ചുവെച്ച കൈക്കൂലി പണം പിടിച്ചെടുത്തു. ആധാരം എഴുത്തുക്കാരെ ഇടനിലക്കാരായി നിര്‍ത്തി അപേക്ഷകരില്‍ നിന്നും രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാർ ഫീസിനേക്കാള്‍ കൂടുകല്‍ തുക കൈക്കൂലി ചോദിച്ച് വാങ്ങുന്നു എന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി സി.എം ദേവദാസും സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയായി വാങ്ങിയ പണവും പിടിച്ചെടുത്തു. ഹെഡ് ക്ലര്‍ക്ക് (സബ് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്) തൗഫീക്ക് റഹ്‌മാന്‍ തന്റെ പോക്കറ്റില്‍ നിന്നും 9600 രൂപ മേശക്കടിയില്‍ വല്ലിച്ചെറിഞ്ഞെങ്കിലും വിജിലൻസ് കൈയ്യോടെ പൊക്കി.
ഓഫീസ് അറ്റന്‍ഡന്റ് സുബിത സെബാസ്റ്റിന്‍ അലമാരക്ക് പുറകില്‍ പണം ഒളിപ്പിച്ചു. എന്നാൽ ഇതും വിജിലൻസ് കണ്ടെത്തി. 1400 രൂപയാണ് അലമാരയ്ക്ക് പിറകിൽ നിന്നും കണ്ടെത്തിയത്. പരിശോധനയിൽ ഇത് കൈക്കൂലി പണമാണെന്ന് ബോധ്യപ്പെട്ടു.
കൂടാതെ മേല്‍ ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഉത്തരവോ ഇല്ലാതെ വീട്ടില്‍ കൊണ്ടുപോയി പകര്‍ത്തി എഴുതാന്‍ ശ്രമിച്ച, ഹെഡ് ക്ലര്‍ക്ക് തൗഫീക്ക് റഹ്‌മാന്റെ കൈവശമുള്ള 33 ആധാരങ്ങളും സീനിയര്‍ ക്ലര്‍ക്ക് മിനിയുടെ കൈവശമുള്ള 5 ആധാരങ്ങളും ബാഗില്‍ നിന്നും വിജിലൻസ് സംഘം കണ്ടെടുത്തു.
സീനിയര്‍ ക്ലര്‍ക്കായ മിനിയുടെ മൊബൈല്‍ പരിശോധിച്ചതില്‍ ആധാരം എഴുത്തുകാര്‍ അന്നേ ദിവസം ആയിരങ്ങള്‍ ഗൂഗിള്‍ പേ വഴി ഇടപട് നടത്തിയതായും കണ്ടെത്തി. മിന്നല്‍ പരിശോയില്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥനായ പാലക്കാട് ക്വാളിറ്റ് കണ്ട്രോള്‍ ഡിസ്ട്രിക്ക്റ്റ് ലാബ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ശ്രീ. ശശിധരന്‍.എസ്, പാലക്കാട് വി.എ.സി.ബി പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പ്രസാദ്. എസ്, എസ്.ഐ ആയ സുരേന്ദ്രന്‍. ബി, എസ്.സി.പി.ഒ മാരായ ഉവൈസ്, വിനീഷ്‌കുമാര്‍, സുബാഷ്, സുജിത്ത് സി.പി.ഒ മാരായ സിന്ധു, അഭിലാഷ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥർക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.