പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വര്‍ണാഭരണങ്ങളും; 22 മണിക്കൂര്‍ നീണ്ട് പരിശോധന
നാഗര്‍കോവില്‍: തമിഴ്നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലന്‍സ്. കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ പോലീസ് ഇന്‍സ്പെക്ടറായ കണ്‍മണിയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചത്. കണ്‍മണിയുടെയും സുഹൃത്തിന്റെയും വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
കണ്മണി ആറ് മാസങ്ങള്‍ക്ക് മുന്‍പ് വരെ എസ്പി ഓഫീസില്‍ ഇന്‍സ്പെക്ടറായിരുന്നു. ഇവര്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കന്യാകുമാരി വിജിലന്‍സ് ഡിവൈഎസ്പി പീറ്റര്‍ പോളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
നാഗര്‍കോവില്‍ മഹിള പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു കണ്‍മണി. നാഗര്‍കോവില്‍ ബാലസുബ്രഹ്‌മണ്യന്‍ റോഡിലുള്ള വാടക വീട്ടിലാണ് കണ്മണി താമസിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ആറിന് ആരംഭിച്ച പരിശോധന ഇന്നലെ രാവിലെ നാലമണിയോടെയാണ് അവസാനിച്ചത്. 22 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വരുമാനത്തിനേക്കാള്‍ 171.78 ശതമാനം അധികം സമ്പാദിച്ചതായുള്ള രേഖകള്‍, 91 പവന്റെ സ്വര്‍ണാഭരണങ്ങള്‍, ഒരു കോടി രൂപയുടെ ഡെപ്പോസിറ്റ് പത്രങ്ങള്‍, 7.34 ലക്ഷം രൂപയുംടെ കറന്‍സി തുടങ്ങിയവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ഇവരുടെ വീട്ടിലെ റെയ്ഡിന് പുറമെ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഇവരുടെ സുഹൃത്ത് അമുതയുടെ നാഗര്‍കോവില്‍ മീനാക്ഷിപുരം ഗാര്‍ഡനിലുള്ള വീട്ടിലും, വിജിലന്‍സ് ഇന്‍സ്പെക്ടര്‍ രമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇവിടെ നിന്ന് 23,95,000 രൂപ കടം കൊടുത്തതിന്റെ പത്രങ്ങളും കണ്ടെടുത്തു.
വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്മണിയുടെ പേരിലും ഭര്‍ത്താവ് സേവിയര്‍ പാണ്ഡിയന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിടികൂടിയ രേഖകള്‍ ചെന്നൈ വിജിലന്‍സ് ഓഫീസില്‍ അയച്ചു കൊടുത്തെന്നും കണ്മണിയെ ഉടന്‍ സസ്പെന്‍ഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.