മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് എന്‍സിബി. ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായ ഗ്യാനേശ്വര്‍ സിംഗാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനെ മോചിപ്പിക്കുന്നതിനു പിതാവ് ഷാരൂഖ് ഖാനോടു നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരും മറ്റുചിലരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് കേസിലെ ദൃക്‌സാക്ഷി വെളിപ്പെടുത്തിയത്. കേസിലെ സാക്ഷിയായ പ്രഭാകര്‍ സയിലിന്റെ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുംബൈയിലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറലിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം.
എന്‍സിബി ഉദ്യോഗസ്ഥരും ഗോസവിയും സാം ഡിസൂസ എന്നയാളും ചേര്‍ന്നാണ് 25 കോടി കൈക്കൂലി ആവശ്യപ്പെട്ടതെന്നാണു പ്രഭാകര്‍ സയിലിന്റെ ആരോപണം. ഗോസവിയുടെ സുരക്ഷാഗാര്‍ഡാണു പ്രഭാകര്‍ സയില്‍. സാം ഡിസൂസയും ഗോസവിയും തമ്മില്‍ 18 കോടി രൂപയുടെ ഇടപാട് നടത്തുന്നതു താന്‍ കേട്ടെന്നും ഇതില്‍ 8 കോടി രൂപ സമീര്‍ വാങ്കഡെയ്ക്കു നല്‍കിയെന്നുമാണു സയില്‍ പറയുന്നത്. ഗോസവി തന്റെ കൈയിലും പണം തന്നെന്നും അതു സാം ഡിസൂസയ്ക്കു കൈമാറിയെന്നും പ്രഭാകര്‍ പറഞ്ഞു. ഗോസവി ഒളിവിലാണെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും പ്രഭാകര്‍ തുടര്‍ന്നു.
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ ഈ മാസം മൂന്നിനാണ്, മുംബൈ തീരത്ത് നങ്കൂരമിട്ട ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഉള്‍പ്പെടെ പ്രതികളെ അറസ്റ്റ്‌ചെയ്തത്. ജാമ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ വിചാരണത്തടവുകാരനായി തുടരുകയാണ് ആര്യന്‍.