കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്ക് തിരിച്ചടി. കേസിൽ പണം തിരികെ നൽകണം എന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി സമർപ്പിച്ച ഹരജി കോടതി തള്ളി. വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം കോടതി അംഗീകരിച്ചു.
വീട്ടിൽനിന്ന് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്നും അത് പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമായിരുന്നു ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതുകളടക്കം ഷാജി കോഴിക്കോട് വിജിലൻസ് കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്നു.
എന്നാൽ, ഷാജി തെരഞ്ഞെടുപ്പ് കമീഷനിൽ കാണിച്ചത് ചെറിയ തുകയാണെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ വാദിച്ചു. പിടികൂടിയ തുക അതിന്റെ പരിധിയിൽപെടില്ല. തെരഞ്ഞെടുപ്പ് കമീഷൻ രേഖകൾപ്രകാരം ആറു ലക്ഷത്തിലേറെ രൂപ മാത്രമേ ഷാജി ചെലവഴിച്ചതായി കാണിക്കുന്നുള്ളൂ. പിടികൂടിയ അത്രയും പണം കണക്കിൽതന്നെ വരുന്നില്ലെന്നും വിജിലൻസ് വാദിച്ചിരുന്നു.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന് അഴീക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പണം പിടികൂടിയത്. ഹരജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകൻ പറഞ്ഞു.