വീഡിയോ വൈറലാക്കാൻ നടുറോഡിൽ കറൻസി വിതറി ബൈക്ക് യാത്ര; യൂട്യൂബർക്കെതിരെ കേസ്

ഹൈദരാബാദ്: തിരക്കേറിയ റോഡില്‍ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. ഇറ്റ്‌സ് മി പവര്‍ എന്ന് അറിയപ്പെടുന്ന പവര്‍ ഹര്‍ഷ എന്ന മഹാദേവിനെതിരെ പോലീസ് കേസെടുത്തു.

വ്യാപകമായി പ്രചരിച്ച വീഡിയോയില്‍, ഇരുചക്രവാഹനത്തില്‍ നിന്നുകൊണ്ട് കറന്‍സി നോട്ടുകള്‍ റോഡിലേക്ക് വിതറിയെറിയുകയും ആളുകള്‍ അതെടുക്കാന്‍ ഓടുന്നതുമാണുള്ളത്. ജനപ്രീതി നേടാനും സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും ലക്ഷ്യമിട്ടായിരുന്നു യൂട്യൂബറുടെ പ്രകടനം.

പണമെടുക്കാനായി ആളുകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷവും യൂട്യൂബറുടെ അഭ്യാസവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കനത്ത ട്രാഫിക്കും പണം തട്ടിയെടുത്ത് പോക്കറ്റിലിടാനാമുള്ള തിരക്കും ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഹൈദരാബാദിലെ കുക്കട്ട്പളളി, കെ.പി.എച്ച്.ബി. പ്രദേശങ്ങളില്‍ സ്ഥിരമായി റീലുകള്‍ ഷൂട്ട് ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്രദ്ധയോടെ വാഹനമോടിക്കല്‍, പൊതുശല്യം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News