ചെന്നൈ:ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്.
ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്റേതാണ് നിരീക്ഷണം. 2009ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. ‘പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍കൂര്‍ സമ്മതത്തിന് തുല്യമാണ്. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാപരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ല’- ജസ്റ്റിസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ പ്രതിക്ക് 21ഉം ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. ഒരു വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. അതിനിടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. അതിനുശേഷം ഇയാള്‍ പെണ്‍കുട്ടിയുമായി അകന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
യുവാവിനെതിരെ പരാതി നല്‍കുമ്പോൾ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. 2016ല്‍ കീഴ് കോടതി യുവാവിനെ 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
യുവാവിന്‍റെ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ശിക്ഷ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. അതിനിടെയാണ് ജസ്റ്റിസ് പൊങ്ങിയപ്പന്റെ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നുവെന്നും പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.