സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാനച്ഛന്റെ ആസിഡ് ആക്രമണം; ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു

പേരാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാനച്ഛന്‍ ആസിഡ് ആക്രമണത്തിനിരയാക്കിയയാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണത്തണ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ ( 50 ) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഒക്ടോബര്‍ 29നാണ് ബിജുവിനെ മങ്കുഴി ജോസ് അക്രമിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മണത്തണയിലെ കുളത്തില്‍ കുളിക്കാന്‍ എത്തിയ ബിജുവിനെ ആക്രമിക്കാന്‍ ബക്കറ്റില്‍ ആസിഡുമായി ജോസ് കാത്തു നില്‍ക്കുകയായിരുന്നു. ജോസിനെ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തില്‍ ബിജുവിന്റെ മുഖത്തും ശരീരത്തിലും മാരകമായി പൊള്ളലേറ്റിരുന്നു.

ആസിഡ് ഒഴിച്ചതിന് പുറമെ ജോസ് ബിജുവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബിജുവിനെ ആദ്യം പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കുളിക്കടവിലേക്ക് ജീപ്പില്‍ വരികയായിരുന്ന ബിജുവിനെ തടഞ്ഞു നിര്‍ത്തിയാണ് ജോസ് പാടുന്നനെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. പ്രാണരക്ഷാര്‍ത്ഥം സ്വന്തം വീടിന് സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറിയ ബിജുവിനെ ജോസ് പിന്തുടര്‍ന്ന് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്താനുള്ള നാട്ടുകാരുടെ ശ്രമത്തെയും ജോസ് തടഞ്ഞു. കൂടുതല്‍ പേര്‍ സംഭവ സ്ഥലത്ത് എത്തിയതോടെ ഓടി രക്ഷപ്പെട്ട ജോസിനെ പിന്നീട് മടപ്പുരച്ചാല്‍ റോഡില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ുടുംബ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ പ്രദേശത്തെ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു. ഭാര്യ: ഷെല്‍മ. മകന്‍: ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ. സംസ്‌കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News