കൊച്ചിയിലെ മിസ് കേരള മത്സരത്തിന് മാറ്റുരയ്ക്കാന്‍ ഭിന്നശേഷിക്കാരി അശ്വനിയും; പിന്തുണയുമായി നാട്
കുറ്റ്യാടി: ഇത്തവണത്തെ മിസ് കേരള മത്സരത്തിന് മാറ്റുരയ്ക്കാന്‍ കോഴിക്കോട് നിന്നും സ്പെഷ്യല്‍ സുന്ദരിയുമെത്തുന്നു. 21ന് കൊച്ചിയില്‍ നടക്കുന്ന മിസ്‌കേരള മത്സരത്തില്‍ ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും പങ്കെടുക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഭിന്നശേഷിക്കാരി കൂടിയാണ് അശ്വനി.
കുറ്റ്യാടി തണല്‍ കരുണ സ്പെഷല്‍ സ്‌കൂള്‍ വൊക്കേഷനല്‍ വിങ് വിദ്യാര്‍ത്ഥിനിയാണ് അശ്വനി. കര്‍ഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മല്‍ കുമാരന്റെയും മാതുവിന്റെയും മകളാണ്. നേരത്തേ നടന്ന മിസ് കേരള ഡിജിറ്റല്‍ ഓഡിഷനില്‍ വിജയിയായ അനുഭവ സമ്പത്തുമായാണ് അശ്വനി റാംപിലേക്ക് ചുവടുവെയ്ക്കാനെത്തുന്നത്.
21ന് കൊച്ചിയില്‍ നടക്കുന്ന ഫിസിക്കല്‍ ഓഡിഷനിലാണ് ഇനി അശ്വനിയുടെ പ്രകടനം. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. സിനിമ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണല്‍-കരുണ ടീം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സഹാധ്യാപകര്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുണ്ട്.