തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് തീരും. ഏഴ് വിസിമാരാണ് ഇതിനകം വിശദീകരണം നൽകിയത്. കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്.
ഇവർ ഇന്ന് വിശദീകരണം നൽകാനാണ് സാധ്യത.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് മറുപടി നൽകിയ വിസിമാർ ഗവർണറെ അറിയിച്ചത്. അതേസമയം കെടിയു വിസിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസ് ഇന്ന് ഗവർണറെ കാണും. നാല് മണിക്കാണ് കൂടിക്കാഴ്ച. എസ്എഫ്ഐയുടേയും ഉദ്യോഗസ്ഥരുടേയും പ്രതിഷേധത്തിനിടെ കടലാസിൽ എഴുതി ഒപ്പിട്ടാണ്
സിസ തോമസ് വിസി സ്ഥാനം ഏറ്റെടുത്തത്.
അതിനിടെ, ഗവർണർ സർക്കാർ പോരിൽ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിരുവന്തപുരം മേയറുടെ കത്ത് പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും.
35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കണ്ട് ഇടപെടൽ തേടുന്നത്. മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ
കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. മേയറുടെ കത്ത് തന്നെയാണ് പുറത്ത് വന്നതെന്നാണ് ബിജെപിയുടെ നിലപാട്. പന്ത്രണ്ടരയ്ക്കാണ് ബിജെപി കൗൺസിലർമാർ ഗവർണറെ കാണുന്നത്.