തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചുയര്‍ത്താന്‍ മനസില്‍ നന്മ വറ്റാത്ത ഒരുകൂട്ടം ആളുകള്‍ അശ്രാന്ത പരിശ്രമത്തിലാണ്. ഓരോരുത്തരും തങ്ങളാലാല്‍ കഴിയുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ്. കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച് വെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അനസ് എന്ന പിതാവും പ്രളയബാധിതര്‍ക്കായി തന്റെ കടയിലെ തുണികള്‍ മുഴുവന്‍ വാരിക്കൊടുത്ത നൗഷാദും ഉള്‍പ്പെടെ മനുഷ്യത്വത്തിന്റെ നിരവധി മാതൃകകള്‍ നമുക്ക് മുന്‍പിലുണ്ട്.
അക്കൂട്ടത്തിലേക്ക് നൃത്തം ചെയ്ത് പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ രംഗത്ത് വന്നിരിക്കുകയാണ് ഒരു ഏഴാം ക്ലാസ്സുകാരി. കൊച്ചി സ്വദേശിയായ വേണി വി സുനിലാണ് ആ പെണ്‍കുട്ടി. ‘ആകെ അറിയാവുന്നത് ഡാന്‍സാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്യാം’. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകുമെന്നാണ് വേണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രളയബാധിതരെ സഹായിക്കാന്‍ തന്നാലാകുന്ന സഹായം ചെയ്യാനുള്ള വേണിയുടെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വേണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരെ ,
ആകെ അറിയാവുന്നത് ഡാന്‍സാണ്, ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളില്‍ അത് അവതരിപ്പിച്ചിട്ടുമുണ്ട്. ചില സ്ഥലങ്ങളില്‍ നിന്ന് ടോക്കന്‍ ഓഫ് അപ്രീസിയേഷന്‍ എന്ന നിലയ്ക്ക് ചില സാമ്പത്തിക സപ്പോര്‍ട്ട് കിട്ടാറുമുണ്ട്.
പറഞ്ഞു വന്നത് ഇതാണ് , നിങ്ങളുടെ അടുത്തുള്ള അമ്പലങ്ങളിലോ പൊതുപരിപാടികളിലോ എന്തുമാകട്ടെ , ഒരുമണിക്കൂര്‍ ഡാന്‍സ് പ്രോഗ്രാം ചെയ്തുതരാം . CMDRF ലേക്ക് പറ്റാവുന്ന തുക അയച്ചു അതിന്റെ റെസീറ്റ് എനിക്ക് അയച്ചാല്‍ മതിയാകും. വല്യ ഡാന്‍സര്‍ എന്നു കളിയാക്കരുത് , എന്നെക്കൊണ്ട് പറ്റുന്നത് എന്നെ കരുതാവൂ…