വേണാട് എറണാകുളം സൗത്തിലെ സ്റ്റോപ്പ് താത്കാലികമായി ഒഴിവാക്കിയതോടെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ പരിഭ്രാന്തിയിലാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ജോലിയാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ. പുലർച്ചെയുള്ള പാലരുവിയ്‌ക്ക് ശേഷം ഒന്നരമണിക്കൂറിലേറെ ഇടവേളയിലാണ് വേണാട് സർവീസ് നടത്തുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബദൽ മാർഗ്ഗമൊന്നുമില്ലാതെ വേണാട് ജംഗ്ഷൻ ഒഴിവാക്കുകയായിരുന്നു.
09.20 ന് തൃപ്പൂണിത്തുറയിലെത്തുന്ന വേണാടിൽ നിന്ന് മെട്രോയിൽ മാറി കയറിയാലും സൗത്തിലെ ഓഫീസുകളിൽ സമയത്ത് എത്താൻ കഴിയാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. അതുകൂടാതെ മെട്രോ നിരക്കായി ഒരു ദിശയിലേക്ക് മാത്രം നാൽപതുരൂപയുടെ അമിത സാമ്പത്തിക ഭാരം കൂടി റെയിൽവേ സാധാരണക്കാരിൽ അടിച്ചേൽപ്പിച്ചു.
എറണാകുളം ടൗണിൽ 09.50 ന് എത്തിയാൽ മെട്രോ മാർഗ്ഗം സൗത്തിൽ 10.10 ന് മുമ്പ് എത്തിച്ചേരാനും സാധിക്കുന്നില്ല. ഇതുമൂലം സൗത്ത് ഔട്ടറിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങുന്നവരുണ്ടായിരുന്നു. എന്നാൽ ശനിയാഴ്ച ഔട്ടറിൽ റെയിൽവേ ആർ പി എഫിനെ വിന്യസിച്ചതോടെ ചാട്ടക്കാർക്ക് പിടുത്തം വീണിരിക്കുകയാണ്.
കനത്ത പിഴ നൽകിയ റെയിൽവേ ഔട്ടറിൽ ട്രെയിൻ നിർത്തിയാൽ പോലും ഇറങ്ങാൻ അനുവദിക്കുന്നതല്ലെന്ന മുന്നറിയിപ്പും നൽകി. ജംഗ്ഷൻ ഔട്ടറിൽ വനിതാപോലീസുകാരടക്കം മഫ്തിയിൽ വേണാടിന്റെ വരവും കാത്തുനില്കുകയായിരുന്നു.
എഞ്ചിനീയറിങ് വർക്ക് നടക്കുന്നുവെന്ന വ്യാജേനയാണ് റെയിൽവേ വേണാടിന്റെ സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയത്. വേണാടിനെ മാത്രം ഒഴിവാക്കിയതും സ്റ്റോപ്പ് പുനസ്ഥാപിക്കുന്ന തിയതി പ്രഖ്യാപിക്കാത്തതും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പകരം മെമുവെന്ന ആവശ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
പാലരുവിയുടെയും വേണാടിലെയും തിരക്ക് നിയന്ത്രിക്കാൻ മെമു സഹായകമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. അതികഠിനമായ തിരക്ക് മൂലം പാലരുവിയിലെ കോച്ചുകളിൽ ശ്വാസം കിട്ടാതെ ദേഹസ്വാസ്ഥ്യം അനുഭവപെട്ട് കുഴഞ്ഞു വീഴുന്നത് നിത്യ സംഭവമാണ്. അതിനിടയിൽ വേണാട് ജംഗ്ഷൻ ഒഴിവാക്കുകയും കൂടി ചെയ്തതാണ് യാത്രാക്ലേശം പതിന്മടങ്ങ് വർദ്ധിപ്പിച്ചത്.
സൗത്തിലെ പ്ലാറ്റ് ഫോം ദൗർലഭ്യമാണ് വേണാട് ജംഗ്ഷൻ ഒഴിവാക്കാൻ കാരണമായി പറയുന്നത്. ജംഗ്ഷനിൽ 22 കോച്ചുകൾ ഉൾക്കൊള്ളുന്ന 3 പ്ലാറ്റ് ഫോമുകൾ മാത്രമാണുള്ളത്. പ്രീമിയം ട്രെയിനുകൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന ജനപ്രതിനിധികൾ കേരളത്തിലെ റെയിൽവേയുടെ അടിസ്ഥാന വികസനത്തിൽ താത്പര്യം കാണിക്കുന്നില്ല. പുതുതായി ഒരു പ്ലാറ്റ് ഫോം പോലും പൂർത്തിയാക്കാൻ കഴിയാതെ സൗത്തിൽ നടത്തുന്ന വികസനം കൊണ്ട് യാത്രക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ല.
തിരുവനന്തപുരത്തോ എറണാകുളത്തോ പുതുതായി ഒരു ട്രെയിനെ ഉൾകൊള്ളിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഡിവിഷന് അനുവദിച്ച പുതിയ വന്ദേഭാരത് കൊച്ചുവേളിയിലും കൊല്ലത്തുമായി ഒഴിഞ്ഞ ട്രാക്കുകളിൽ കിടന്ന് തുരുമ്പ് പിടിക്കുകയാണ്.. കടുത്ത റെയിൽ യാത്രാക്ലേശം അനുഭവിക്കുന്ന കേരളത്തിലെ ജനതയോടുള്ള അവഗണനയുടെ തെളിവാണ് ഒരു ഷെഡ്യൂൾ കണ്ടെത്താതെ അനിശ്ചിതാവസ്ഥയിൽ തുടരുന്ന വന്ദേഭാരതിന്റെ ഈ പുതിയ റേക്ക്.