കൊച്ചി : രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ്സിന്റെ പിറകിലെ ലേഡീസ് കോച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റിയതാണ് സ്ത്രീകളെ ദുരിതത്തിലാക്കിയത്. അറ്റകുറ്റപണികൾക്കായി നീക്കം ചെയ്തതാണെന്നായിരുന്നു ഗാർഡിന്റെ വിശദീകരണം.
എന്നാൽ അറ്റകുറ്റപണികൾക്ക് ശേഷം വേണാടിന്റെ മുൻപിലേക്ക് ലേഡീസ് കോച്ച് മാറ്റുകയായിരുന്നുവെന്ന് സ്ത്രീകൾ ഒന്നടങ്കം പറയുന്നു. രാവിലെ എറണാകുളം ജംഗ്ഷൻ വരെ ലേഡീസ് കമ്പാർട്ട് മെന്റ് മുന്നിലും എഞ്ചിൻ മാറിയ ശേഷം പിന്നിലുമായാണ് ഷൊർണൂരിലേയ്ക്ക് പുറപ്പെടുന്നത്. വൈകുന്നേരം എറണാകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരത്തേയ്ക്ക് വീണ്ടും പിന്നിലാണ് ലേഡീസ് കോച്ചിന്റെ സ്ഥാനം വരുന്നത് . എന്നാൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോൾ പഴയതുപോലെ പിന്നിലാണെങ്കിൽ എറണാകുളം ജംഗ്ഷനിൽ നിന്നുള്ള മടക്കയാത്രയിൽ മുൻവശത്ത് ലേഡീസ് കോച്ച് വരുന്നതാണ്. നിലവിലെ കോച്ച് പൊസിഷൻ വലിയ അസംതൃപ്തിയാണ് സ്ത്രീകൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.
രാവിലെ വേണാട് കൊല്ലത്ത് നിന്ന് പുറപ്പെട്ടാൽ ദിവസവും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം എത്തുന്നതോടെ വാതിൽപ്പടിവരെ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. ഏറ്റവും കൂടുതൽ ആളുകൾ ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറ സ്റ്റേഷനിലാണ് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ പിറകിലെ ലേഡീസ് കമ്പാർട്ട് മെന്റ് വളരെ ആശ്വാസമായിരുന്നെന്ന് സ്ഥിരയാത്രക്കാരിയായ രജനി അഭിപ്രായപ്പെട്ടു. ഈ അവസരത്തിൽ കോച്ച് പൊസിഷൻ പഴയപോലെ പുന ക്രമീകരിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്
ലേഡീസ് കമ്പാർട്ട് മെന്റ് നൽകുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും വളരെ വലുതാണെന്ന് മിനി ഉമ്മൻ അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളിയിൽ നിന്നും മറ്റും പുലർച്ചെ ട്രെയിനിൽ ഇടം പിടിക്കുന്നവർ പ്രഭാത ഭക്ഷണവും പകുതി ഉറക്കവും എല്ലാം ഇന്ന് ട്രെയിനിലാണ്. എന്നാൽ ലേഡീസ് കോച്ചുകൾ പകുതി പകുത്ത് ഗാർഡിനും, ലഗേജിനും R M S നും നൽകുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ റെയിൽവേ തുടർച്ചയായി വീഴ്ചകൾ വരുത്തുന്നതായി ഹൈകോർട്ട് ജീവനക്കാരിയായ മഞ്ജുഷ ആരോപിച്ചു. ഗുരുവായൂർ പാസഞ്ചറിൽ ഇടപ്പള്ളിയിലും പുനലൂർ പാസഞ്ചറിൽ മുളന്തുരുത്തിയിലും സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ ഓർമ്മപ്പെടുത്തിയ അവർ കോച്ചുകളിൽ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ റെയിൽവേ പലപ്പോഴും പരാജയമാണെന്ന് പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ റെയിൽവേ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോച്ച് പൊസിഷൻ മൂലം വേണാടിൽ സ്ത്രീയാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാണമെന്നും യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രസിഡന്റ് ഗീത എം ആവശ്യപ്പെട്ടു.