നിലമ്പൂരിൽ വിജയിച്ചത് കോൺഗ്രസ് അല്ല, ലീഗ്; മതവികാരം ഇളക്കിവിട്ടെന്നും വെള്ളാപ്പള്ളി,ഭരണവിരുദ്ധ വികാരമില്ല

കൊച്ചി: നിലമ്പൂരില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്യാടന്‍ മുഹമ്മദും മുസ്ലിംലീഗും തമ്മിൽ മുന്‍പ് നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ മറന്ന് ഒരേമനസ്സോടെ ഷൗക്കത്തിനെ വിജയിപ്പിക്കാന്‍ ലീഗ് തയ്യാറായി. വിജയത്തിലും മണ്ഡലത്തില്‍ ഉയര്‍ന്നുകാണുന്ന കൊടികള്‍ ലീഗിന്റേതാണ്. അതിനാല്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിന്റേതല്ല, ലീഗിന്റേതാണ്. നിലമ്പൂരില്‍ ലീഗ് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അവഗണിക്കാന്‍ പറ്റില്ലെന്ന് പി.വി. അന്‍വര്‍ തെളിയിച്ചു. തിരഞ്ഞെടുപ്പില്‍ അന്‍വര്‍ തോറ്റിട്ടില്ല. നിലമ്പൂരിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത വ്യക്തിത്വമായി അന്‍വര്‍ മാറി. അന്‍വറിന് ഭാവിയില്‍ ലീഗ് സ്ഥാനാര്‍ഥിത്വം കൊടുത്തേക്കും. ഇടതുപക്ഷത്തിന് ലഭിച്ച വോട്ടുകള്‍ തീരെ കുറവല്ല. അതിനാല്‍ ഇടതുപക്ഷവും മണ്ഡലത്തില്‍ തോറ്റെന്ന് പറയാന്‍ സാധിക്കില്ല. സാങ്കേതികമായി തോറ്റെങ്കിലും അഭിമാനകരമായ വോട്ട് നേടാന്‍ സാധിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്ന വോട്ടുകള്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. മണ്ഡലത്തില്‍ ലീഗ് മുസ്ലിം വികാരം ഇളക്കിവിട്ടിരുന്നു. മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചപ്പോള്‍ ഇപ്പുറത്ത് ഹിന്ദു വോട്ടുകളും ഏകീകരിക്കപ്പെട്ടു. തിരിച്ച് ഒരു ഹിന്ദു വികാരവുമുണ്ടായി. ഹിന്ദുക്കളായ നല്ലൊരു വിഭാഗം ആളുകള്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്‌തെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News