ആലപ്പുഴ:ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിൽ പ്രശ്നം ഇല്ലെന്നും എന്തു പറയുന്നു എന്നതിലാണ് കാര്യം എന്നും വെള്ളാപ്പള്ളി നടേശൻ. സെമിനാറിൽ തന്നെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണമാണ് തനിക്ക് പങ്കെടുക്കാൻ കഴിയാത്തതെന്നും എസ്എൻഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി പ്രതിനിധിയായിട്ടാണ് അരയാക്കണ്ടി സന്തോഷ് സെമിനാറിൽ പങ്കെടുക്കുക. സെമിനാറിൽ പങ്കെടുക്കാൻ സന്തോഷിനോട് താൻ ആണ് ആവശ്യപ്പെട്ടതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിചേർത്തു.
എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി ആണ് സന്തോഷ്. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും എസ്എന്‍ഡിപി പ്രതിനിധി ആയാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും സന്തോഷ് പറഞ്ഞു.
ബില്ലിന്റെ കരട് വരുന്നതിന് മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ? എന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. ഏക സിവിൽ കോഡിനോട് അനുകൂല നിലപാടാണ് വെള്ളാപ്പള്ളി നടേശന്. ഏക സിവില്‍കോഡ് നടപ്പിലാക്കിയാല്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനം ഇല്ലാതാകും. മുസ്ലിം സമുദായത്തില്‍ ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍കോഡിനെതിരെ രംഗത്തുള്ളതെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.