കല്‍പ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ദുരൂഹതകള്‍ നിറഞ്ഞ കണ്ടത്ത്വയല്‍ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്. വെള്ളമുണ്ട കണ്ടത്ത് വയല്‍ സ്വദേശികളായ ഉമ്മര്‍ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നല്‍കിയത്.
കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥന്‍ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈല്‍ ഫോണിന്റെ ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ എവിടെയെന്ന് ട്രാക്ക് ചെയ്യാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പര്‍ ആര്‍ ഇന്ത്യ സര്‍ച്ചിലേക്ക് പൊലീസ് നല്‍കിയിരുന്നു.
ആയിരത്തിലധികം പരിശോധനകള്‍ക്കു ശേഷം സെപ്തംബര്‍ ആറിന് ഈ ഐഎംഇഐ നമ്പര്‍ ഫോണില്‍ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ് ഈ ഫോണില്‍ നെറ്റ് ഉപയോഗിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതക സ്ഥലത്തുനിന്ന് ശേഖരിച്ച ഫൂട്ട് പ്രിന്റ് പ്രതിയുടേതെന്ന് കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ചീര്‍പ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷര്‍ട്ടും പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ് ദമ്പതികള്‍ കൊല്ലപ്പെടുന്നത്. 2018 ജൂലൈ അഞ്ചിന് അര്‍ധരാത്രിക്കുശേഷം ആറിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവന്‍ ആഭരണവുമെടുത്ത് വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു.
വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ മൃതദേഹം ആദ്യം കണ്ടത് ഉമ്മറിന്റെ ഉമ്മ ആയിശയാണ്. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവര്‍ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ഇരട്ടക്കൊലപാതകമാണ് നടത്തിയത് എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക് അര്‍ഹമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.
കൊലക്കുറ്റത്തിന് വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതി ജഡ്ജി വി ഹാരിസ് പ്രതിക്ക് ഭവനഭേദനത്തിന് പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കവര്‍ച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴു വര്‍ഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.