കണ്ണൂർ: വീണാ വിജയന്റെ ഐ.ടി. കമ്പനിയുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജപ്രചാരണമെന്നും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.വൈ.എഫ്.ഐ. എടക്കാട് ബ്ലോക്ക് കമ്മറ്റി എളയാവൂരിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു കമ്പനികൾ തമ്മിലാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. വാങ്ങിയ പണത്തിന് സേവനം ലഭിച്ചിട്ടുണ്ടെന്നും അത് നൽകിയിട്ടുണ്ടെന്നും കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കമ്പനികൾ തമ്മിൽ ഏർപ്പെടുന്ന കരാർ വിവരങ്ങൾ പുറത്തുപറയാൻ അവർക്ക് അവകാശമില്ല- എം.വി. ഗോവിന്ദൻ ചോദിച്ചു.
‘മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ആ കമ്പനിയുടെ പേര് പറഞ്ഞ് വലിയ രീതിയിലുള്ള ആക്ഷേപം ഉണ്ടാക്കാനാണ് ശ്രമം. അത് അവസാനിപ്പിച്ചപ്പോൾ മറ്റൊന്നാണ് പറയുന്നത്. പി.എ. മുഹമ്മദ് റിയാസ് സത്യവാങ്മൂലം കൊടുത്തതിൽ തെറ്റുണ്ട് എന്നാണ് ആക്ഷേപം. അത് പരിശോധക്കുന്നതിൽ ആർക്കും എതിർപ്പില്ല. ഒന്നും മറച്ചുവെക്കാനില്ല. നിലപാടുണ്ട്, മൗനമില്ല. എല്ലാം വിശദീകരിച്ചു തന്നെയാണ് പാർട്ടി മുന്നോട്ട് പോകുന്നത്’ – എം.വി. ഗോവിന്ദൻ പറഞ്ഞു.
പ്രധാനപ്പെട്ട പാർട്ടി നേതാക്കന്മാരുടേയും മന്ത്രിമാരുടേയും മക്കളെ പറ്റി എന്തെങ്കിലും ആക്ഷേപം ഉണ്ടായാൽ, കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിഷയം വന്നപ്പോൾ പാർട്ടി എടുത്ത നിലപാട് തന്നെയാകും ബാധകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.