തിരുവനന്തപുരം:കോവിഡ് മരണ കണക്കുകൾ മനഃപൂർവം ഒളിച്ചു വയ്ക്കേണ്ട കാര്യം സർക്കാരിനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുന്‍പുണ്ടായ കോവിഡ് മരണങ്ങളിൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കോവിഡ് മരണം ഇപ്പോൾ സ്ഥിരീകരിക്കുന്നത് പരിശോധിക്കുന്ന ഡോക്ടറാണ്. ജില്ലാതലത്തിലെ സമിതി ഇത് വിലയിരുത്തിയശേഷം സംസ്ഥാനതലത്തിൽ വീണ്ടും പരിശോധിക്കും. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളാണ് കേരളം പിന്തുടരുന്നത്.ഐസിഎംആറിന്റെ നിർദേശങ്ങളും പരിഗണിക്കും കോവിഡ് കാരണം മരിച്ചവരുടെ ആശ്രിതർക്കു സുപ്രീംകോടതി നിർദേശപ്രകാരമുള്ള നഷ്ടപരിഹാരം കിട്ടാൻ പരമാവധി ഇടപെടൽ നടത്തും.
ഏതെങ്കിലും കേസ് കോവിഡല്ലാതെ പോയതായി പരാതിയുണ്ടെങ്കിൽ ആ കേസുകൾ പരിശോധിച്ച് നടപടിയെടുക്കും. പരാതിയുമായി ഓഫിസുകൾ കയറിയിറങ്ങേണ്ട കാര്യമില്ല. പ്രശ്നം ഉന്നയിക്കാൻ ഒരു മെയിലോ കത്തോ അയച്ചാൽ മതിയാകും.ഐസിഎംആർ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണോ എന്നു വിദഗ്ധരാണ് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് മരണം നിയന്ത്രിച്ചെന്നാണ് (മരണ നിരക്ക് 0.4 ശതമാനം) സർക്കാരിന്റെ അവകാശവാദം.ഇതുവരെ 13,359 കോവിഡ് മരണമാണ് ഔദ്യോഗിക കണക്കിലുള്ളത്.
എന്നാൽ, ഇതിലധികം മരണം സംഭവിച്ചെന്നാണ് അനുമാനം.പോസിറ്റീവായിരിക്കെ മരിച്ചാൽ മാത്രമേ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തൂ എന്നാണ് സർക്കാർ നിലപാട്.
നെഗറ്റീവായതിന്റെ പിറ്റേന്നു മറ്റു അസുഖങ്ങള്‍ വന്നു മരിച്ചാൽ കോവിഡ് പട്ടികയിൽനിന്ന് ഒഴിവാകും.മറ്റു രോഗങ്ങൾ ഉണ്ടായിരുന്ന,വർഷങ്ങളോളം ജീവിക്കുമായിരുന്ന ആളുകൾ കോവിഡ് കാരണം മരിക്കുന്നുണ്ടെന്നും അവരുടെ മരണം കോവിഡ് മൂലമാണെന്നും വിദഗ്ധർ പറയുന്നു.
കോവിഡ് മരണങ്ങളുടെ സ്ഥിരീകരണം അടുത്ത സമയം വരെ സംസ്ഥാന സമിതിയാണ് ചെയ്തിരുന്നത്. പരിശോധിക്കാത്ത ഡോക്ടർ മരണ കാരണം നിർണയിക്കുന്നതെങ്ങനെ എന്ന ചോദ്യം ഉയർന്നപ്പോഴാണ് ജില്ലകളിൽ സമിതി രൂപീകരിച്ചത്.