തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ്. ഗവൺമെന്റ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയൊരു അധികാര ഫോർമുല മുന്നോട്ടുവെച്ചതായാണ് ഏറ്റവും പുതിയ വിവരം. ചെന്നിത്തലയുടെ കടുംപിടിത്തത്തിന് വഴങ്ങി ആഭ്യന്തര വകുപ്പ് വിട്ടുനൽകുകയാണെങ്കിൽ, ഭരണത്തിൽ കൃത്യമായ നിയന്ത്രണം ഉറപ്പാക്കുന്നതിനായി ധനകാര്യ വകുപ്പ് മുഖ്യമന്ത്രിയായ താൻ തന്നെ കൈവശം വെക്കുമെന്ന നിലപാടിലാണ് സതീശൻ. ആഭ്യന്തര വകുപ്പ് ലഭിക്കുകയാണെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ തയ്യാറാണെന്ന സൂചന ചെന്നിത്തല ക്യാമ്പും നൽകിയതോടെ തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രി പദവിക്ക് പിന്നാലെ ഭരണത്തിലെ ഏറ്റവും നിർണ്ണായകമായ ആഭ്യന്തര വകുപ്പിൽ കൂടി രമേശ് ചെന്നിത്തല കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സതീശന് ഈ പുതിയ ഫോർമുലയുമായി വരേണ്ടി വന്നത്. പൊതുവേ മുഖ്യമന്ത്രിമാർ തന്നെ കൈകാര്യം ചെയ്യാറുള്ള ആഭ്യന്തരം വിട്ടുനൽകുന്നതിൽ സതീശന് പൂർണ്ണ തൃപ്തിയില്ലെങ്കിലും പാർട്ടിക്കുള്ളിലെ വലിയൊരു പെട്ടിത്തെറി ഒഴിവാക്കാൻ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. ആഭ്യന്തരം ചെന്നിത്തലയ്ക്ക് നൽകുമ്പോൾ പകരം ധനകാര്യം താൻ ഏറ്റെടുക്കുമെന്ന സതീശന്റെ നിലപാട് ഭരണം സുഗമമായി കൊണ്ടുപോകാനുള്ള തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ ഗ്രൂപ്പ് തർക്കങ്ങളിലേക്ക് പോകാതെ സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ പ്രശ്നപരിഹാരം കണ്ടെത്താനാണ് സതീശൻ ഇപ്പോൾ ശ്രമിക്കുന്നത്.
ചെന്നിത്തലയ്ക്ക് ആഭ്യന്തരത്തിന് പകരം ധനകാര്യ വകുപ്പ് വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ചില മുതിർന്ന നേതാക്കളുടെ മധ്യസ്ഥതയിൽ നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കം ചെന്നിത്തല എത്രത്തോളം സ്വീകരിക്കുമെന്നത് വ്യക്തമല്ല. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയ്ക്ക്, തന്നേക്കാൾ ജൂനിയറായ വി.ഡി. സതീശന്റെ മന്ത്രിസഭയിൽ ആഭ്യന്തരത്തേക്കാൾ പ്രാധാന്യം കുറഞ്ഞ മറ്റൊരു വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്. സീനിയോറിറ്റിയും മുൻകാല അനുഭവസമ്പത്തും പരിഗണിച്ച് ആഭ്യന്തരം തന്നെ ചെന്നിത്തലയ്ക്ക് നൽകണമെന്ന ആവശ്യത്തിൽ ഐ ഗ്രൂപ്പ് ഉറച്ചുനിൽക്കുകയാണ്.
കേരള രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമാണ് മുഖ്യമന്ത്രിമാർ ആഭ്യന്തര വകുപ്പ് മറ്റുള്ളവർക്ക് വിട്ടുനൽകിയിട്ടുള്ളത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി തലത്തിലുള്ള നിയന്ത്രണത്തിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരം നൽകിയതാണ് ഇതിലൊരു പ്രധാന ഉദാഹരണം. പിന്നീട് ഉമ്മൻചാണ്ടി ഭരണകാലത്ത് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നപ്പോഴാണ് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിഞ്ഞതും അത് ആദ്യം തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് രമേശ് ചെന്നിത്തലയ്ക്കും കൈമാറിയതും. അന്ന് ഉമ്മൻചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞതുകൊണ്ടാണ് സോളാർ, ബാർകോഴ തുടങ്ങിയ വിവാദങ്ങൾ വഷളായതെന്ന കടുത്ത വിലയിരുത്തൽ എ ഗ്രൂപ്പ് ഇപ്പോഴും പങ്കുവെക്കുന്നുണ്ട്. ഈ ചരിത്ര പശ്ചാത്തലങ്ങൾ കൂടി മുന്നിലുള്ളതിനാൽ ആഭ്യന്തരം പൂർണ്ണമായി വിട്ടുകൊടുക്കാൻ സതീശൻ എത്രത്തോളം തയ്യാറാകുമെന്ന ചോദ്യം കോൺഗ്രസ് വൃത്തങ്ങളിൽ സജീവമാണ്.
വകുപ്പ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച രാത്രിയോടെ ഉണ്ടാകുമെന്നാണ് കെ.പി.സി.സി. വൃത്തങ്ങൾ നൽകുന്ന സൂചന. വി.ഡി. സതീശൻ മുന്നോട്ടുവെച്ച ഈ ‘ഹോം-ഫിനാൻസ്’ ഫോർമുല ഹൈക്കമാൻഡ് അംഗീകരിക്കുകയാണെങ്കിൽ രമേശ് ചെന്നിത്തല മന്ത്രിസഭയിലെ രണ്ടാമനായി മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്യും. ഘടകകക്ഷികളായ മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും നൽകേണ്ട വകുപ്പുകളെക്കുറിച്ചുള്ള ചർച്ചകളും ഇതിനൊപ്പം സമാന്തരമായി പുരോഗമിക്കുന്നുണ്ട്. കോൺഗ്രസിനുള്ളിലെ ഈ ആഭ്യന്തര സമവായം പുതിയ യു.ഡി.എഫ് സർക്കാരിന്റെ കെട്ടുറപ്പിന് അടിത്തറയാകുമെന്നാണ് അണികളുടെ പ്രതീക്ഷ.
Designated CM V.D. Satheesan has proposed a new formula amid ongoing cabinet formation disputes within the Congress party. According to reports, Satheesan plans to take over the Finance portfolio if he has to concede the heavily demanded Home department to veteran leader Ramesh Chennithala. While Chennithala’s camp remains adamant about the Home ministry as a condition to join the cabinet, the High Command is carefully reviewing past coalitions, like the Oommen Chandy administration, to avoid any governance lapses.


