മലപ്പുറം: യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. അഞ്ച് മന്ത്രിമാരുടെ പട്ടികയാണ് ലീഗ് തയ്യാറാക്കിയിട്ടുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയവർ മന്ത്രിമാരാകും. അഞ്ച് മന്ത്രിസ്ഥാനം യുഡിഎഫിൽ ആവശ്യപ്പെടും. ഇക്കാര്യത്തിൽ കോൺസിന്റെ നിലപാട് നിർണായകമാകും.
ഘടകകക്ഷികളുടെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ മുന്നണിയിൽ പുരോഗമിക്കുന്നതിനിടെയാണ് ലീഗിനുള്ളിലെ ധാരണ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച് പാർട്ടിയിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽനിന്ന് മന്ത്രിസ്ഥാനം വഹിക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ഉൾപ്പെടെ ആവശ്യപ്പെടാനാണ് ലീഗിന്റെ തീരുമാനം.
പി.കെ. കുഞ്ഞാലിക്കുട്ടി- ഐടി, വ്യവസായം, എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, വി.ഇ. അബ്ദുൾ ഗഫൂർ– പൊതുമരാമത്ത്, കെ.എം. ഷാജി- തദ്ദേശ സ്വയംഭരണ വകുപ്പ്, പി.കെ. ബഷീർ- ന്യൂനപക്ഷം, പ്രവാസി ക്ഷേമം എന്നിങ്ങനെയാണ് ധാരണയായിട്ടുള്ളത്. ആദ്യഘട്ടത്തിൽ ചർച്ചകളിൽ കടന്നുവരാതിരുന്ന വി.ഇ അബ്ദുൾ ഗഫൂർ മന്ത്രിസ്ഥാനത്തേക്ക് വരുന്നു എന്നതാണ് ശ്രദ്ധേയം. മുൻ പൊതുമരാമത്ത് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന്റെ മകൻ കൂടിയാണ് അബ്ദുൾ ഗഫൂർ. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാവുമെന്നാണ് വിവരം.
അതേസമയം, കോഴിക്കോടിന് ഒരു മന്ത്രി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജില്ലയിൽ ആറുപേരാണ് ലീഗിൽനിന്ന് വിജയിച്ചത്. അതിനാൽ തന്നെ ജില്ലയിൽനിന്ന് മന്ത്രി വേണമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുമുണ്ട്. കാസർകോട്ടുനിന്നും സമാനമായ ആവശ്യമുണ്ട്. മഞ്ചേശ്വരത്തുനിന്നു വിജയിച്ച എ.കെ.എം അഷ്‌റഫിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ഉന്നതാധികാരസമിതിയിൽ ഇക്കാര്യം ഉയർന്നുവരാനുള്ള സാധ്യതയുമുണ്ട്. 12 സീറ്റുകൾ നേടിയെങ്കിലും യു.ഡി.എഫിൽ ജില്ലയിൽനിന്ന് ഒരു മന്ത്രിക്കേ സാധ്യതയുള്ളൂ എന്നാണ് സൂചന. കോൺഗ്രസിൽനിന്ന് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറോ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്തോ മന്ത്രിയായേക്കും.
English Summary
The Indian Union Muslim League (IUML) has finalized a panel of five ministers for the upcoming UDF cabinet in Kerala, demanding five ministerial berths from the Congress leadership. The proposed list includes senior leader P.K. Kunhalikutty (IT & Industries), N. Samsudheen (Education), K.M. Shaji (Local Self Government), and P.K. Basheer (Minority & NRI Welfare). In a surprise move, V.E. Abdul Gafoor, son of former PWD Minister V.K. Ebrahimkunju, has been included in the list and is expected to handle the Public Works Department (PWD). The final outcome now depends on the Congress party’s stance during the ongoing coalition talks, with an official announcement expected this Saturday.


