കൊച്ചി: വി.ഡി. സതീശൻ എന്ന നിയുക്ത കേരള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ അത് വെറും വിജയങ്ങളുടെ കഥയല്ല, മറിച്ച് തഴയപ്പെടലുകളുടെയും അതിജീവനത്തിന്റെയും ഉജ്ജ്വലമായ പോരാട്ടവീര്യത്തിന്റേതാണ്. 1989-ൽ തന്റെ 24-ാം വയസ്സിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷപദവിക്ക് തൊട്ടരികിലെത്തിയിട്ടും ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു യുവാവിന്റെ നിരാശയിൽ നിന്നാണ് ഈ കഥ തുടങ്ങുന്നത്. അന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സതീശൻ സ്ഥാനാർത്ഥിയാവുകയും ചെയ്തെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടന്നില്ല. പിന്നീട് സീനിയോരിറ്റിയുടെ പേരിൽ കെ.സി. വേണുഗോപാൽ ആ പദവിയിലെത്തിയപ്പോൾ, സതീശന് ലഭിച്ചത് “അടുത്ത തവണ നോക്കാം” എന്ന വെറും വാക്കുകൾ മാത്രമായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയിലും ഇതേ ‘അട്ടിമറി’ ആവർത്തിക്കപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയിൽ പദവികൾ പലപ്പോഴും അദ്ദേഹത്തിന് നഷ്ടമായിക്കൊണ്ടിരുന്നു.
2011-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ കേരളം ഒന്നടങ്കം കരുതിയിരുന്നു വി.ഡി. സതീശൻ മന്ത്രിയാകുമെന്ന്. നിയമസഭയിലെ മികച്ച വാഗ്മിയായും വികസന കാര്യങ്ങളിൽ ഡോ. തോമസ് ഐസക്കിനെപ്പോലെയുള്ളവരോട് വസ്തുതകൾ നിരത്തി സംവദിക്കാനും കെൽപ്പുള്ള സതീശന്റെ പേര് ഐ ഗ്രൂപ്പിന്റെ പട്ടികയിൽ മുൻനിരയിലുണ്ടായിരുന്നു. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളുടെയും സാമുദായിക താത്പര്യങ്ങളുടെയും പേരിൽ അവസാന നിമിഷം ആ പേര് വെട്ടിമാറ്റപ്പെട്ടു. അന്ന് സതീശനെ വെട്ടി വി.എസ്. ശിവകുമാറിനെ മന്ത്രിയാക്കാൻ ചരടുവലിച്ചവർ ഇന്ന് മുഖ്യമന്ത്രിപ്പദത്തിലേക്കുള്ള മത്സരത്തിൽ അദ്ദേഹത്തിന് മുന്നിൽ കടമ്പകളായി നിന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായിരുന്നു എന്നത് ചരിത്രത്തിലെ കൗതുകകരമായ മറ്റൊരു സത്യം.
കഴിഞ്ഞ അഞ്ചുവർഷത്തെ കേരള നിയമസഭ സാക്ഷ്യം വഹിച്ചത് സതീശൻ എന്ന പാർലമെന്റേറിയന്റെ വിശ്വരൂപത്തിനാണ്. വസ്തുതകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയും ജനകീയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയും അദ്ദേഹം തന്റെ സ്ഥാനം ഭദ്രമാക്കി. ഇത്തവണ മുഖ്യമന്ത്രി പദത്തിനായി സീനിയോരിറ്റിയുടെ പേരിൽ രമേശ് ചെന്നിത്തലയും ഹൈക്കമാൻഡ് സ്വാധീനത്തിന്റെ പേരിൽ കെ.സി. വേണുഗോപാലും അവകാശവാദമുന്നയിച്ചപ്പോഴും സതീശനെ തുണച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനമികവും കേരളത്തിന്റെ പൊതുവികാരവുമാണ്. ഗ്രൂപ്പിന്റെ ബലമോ എം.എൽ.എമാരുടെ ഭൂരിപക്ഷമോ ഇല്ലാതിരുന്നിട്ടും, ജനങ്ങൾ ആഗ്രഹിച്ച നേതാവ് എന്ന നിലയിൽ ഹൈക്കമാൻഡ് അദ്ദേഹത്തിന് നറുക്കിടുകയായിരുന്നു. പഴയ നഷ്ടങ്ങളുടെ കണക്കുകൾ കാലം ഇതാ പലിശ സഹിതം വീട്ടിക്കൊടുത്തിരിക്കുന്നു.
യു.ഡി.എഫ്. നൂറിലധികം സീറ്റുകൾ നേടുമെന്നും ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടുമെന്നും തിരഞ്ഞെടുപ്പിന് മുൻപേ സതീശൻ നടത്തിയ പ്രവചനം അക്ഷരാർത്ഥത്തിൽ ശരിയായി. ഗ്രൂപ്പ് കളികൾക്കും വെട്ടിനിരത്തലുകൾക്കും വഴങ്ങാത്ത, വികസന സ്വപ്നങ്ങളുള്ള ഒരു നേതാവെന്ന പരിവേഷത്തിൽ അദ്ദേഹം ഇനി കേരളത്തെ നയിക്കും. പഴയ ചതിക്കുഴികളെയും അവഗണനകളെയും അതിജീവിച്ച് അദ്ദേഹം മുഖ്യമന്ത്രിപ്പട്ടത്തിലേക്ക് നടന്നു കയറുമ്പോൾ അത് വെറുമൊരു രാഷ്ട്രീയ വിജയം മാത്രമല്ല, മറിച്ച് കഠിനാധ്വാനത്തിന് കാലം കരുതിവെച്ച കാവ്യനീതി കൂടിയാണ്. ഒരു കാലത്ത് തന്നെ തഴഞ്ഞവരെ സാക്ഷിനിർത്തി സതീശൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അത് കേരള രാഷ്ട്രീയത്തിലെ പുതിയൊരു യുഗപ്പിറവിയാകുമെന്ന് ഉറപ്പാണ്.
The political journey of V.D. Satheesan, the newly elected Chief Minister of Kerala, is a remarkable saga of resilience and poetic justice. Despite being sidelined multiple times—from the KSU presidency in 1989 to losing a cabinet berth in 2011 due to group dynamics and communal interests—Satheesan’s outstanding performance as a parliamentarian over the last five years has finally earned him the top post. Overcoming challenges from seniors like Ramesh Chennithala and K.C. Venugopal, Satheesan’s rise is seen as a victory for merit and public sentiment over traditional group politics.


