എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണം, ഹൈക്കമാന്‍ഡിന് മുന്നിൽ ആവശ്യവുമായി സതീശന്‍ പക്ഷം; മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങൾ സജീവം

തിരുവനന്തപുരം: കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേറാനൊരുങ്ങവെ, മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടം കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരിലേക്ക് വഴിമാറുന്നു. കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നിൽക്കുന്ന എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ വി.ഡി. സതീശൻ ക്യാമ്പ് നീക്കങ്ങൾ ഊർജ്ജിതമാക്കി. നിരീക്ഷകർക്ക് മുന്നിൽ ഒന്നാമത്തെ ചോയ്‌സായി ഗ്രൂപ്പ് നേതാക്കളുടെ പേര് പറഞ്ഞാലും, രണ്ടാമത്തെ ഓപ്ഷനായി തന്റെ പേര് പറയിപ്പിക്കാനാണ് സതീശൻ ലക്ഷ്യമിടുന്നത്. നിലവിൽ 63 എം.എൽ.എമാരിൽ പത്തിൽ താഴെ പേർ മാത്രമാണ് സതീശനെ പരസ്യമായി പിന്തുണയ്ക്കുന്നത് എന്ന തിരിച്ചറിവാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ.

ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം എം.എൽ.എമാരുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ സ്വാധീനിക്കുമെന്നാണ് ഇവരുടെ വാദം. നിരീക്ഷകർ എം.എൽ.എമാരെ ഓരോരുത്തരെയും നേരിൽ കണ്ട് അഭിപ്രായം തേടാനിരിക്കെ, സതീശനെ അനുകൂലിക്കുന്നവർ പരമാവധി പിന്തുണ സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

സതീശനെ പിന്തുണച്ച് നെയ്യാറ്റിൻകര എം.എൽ.എ എൻ. ശക്തൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന വിശേഷണത്തോടെയാണ് ശക്തൻ സതീശനെ പിന്തുണയ്ക്കുന്നത്. ഇതിനിടെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ടി.ജെ. വിനോദും, എ ഗ്രൂപ്പ് നേതാവ് കെ. ബാബുവിന്റെ അടുത്ത അനുയായി ദീപക് ജോയിയും ആലുവയിലെ സതീശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഇത് സൗഹൃദ സന്ദർശനമാണെന്ന് ഇവർ അവകാശപ്പെടുമ്പോഴും, പിന്തുണ തേടിയുള്ള ചർച്ചകളാണ് നടന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.

എം.എൽ.എമാരുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലുള്ള ജനപ്രീതി തനിക്ക് തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് വി.ഡി. സതീശൻ. വയനാട് പള്ളിക്കവലയിൽ എഴുപതോളം കോൺഗ്രസ് പ്രവർത്തകർ യോഗം ചേരുകയും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ആലുവയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പ്രവർത്തകരും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

മറുവശത്ത്, സീനിയോറിറ്റി പരിഗണിച്ച് രമേശ് ചെന്നിത്തലയ്ക്കും ഹൈക്കമാൻഡുമായുള്ള അടുപ്പം വെച്ച് കെ.സി. വേണുഗോപാലിനും വേണ്ടി അവരുടെ അനുയായികൾ ശക്തമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എം.എൽ.എമാരുടെ ഭൂരിപക്ഷ അഭിപ്രായം ആർക്ക് അനുകൂലമാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. വരും മണിക്കൂറുകളിൽ തിരുവനന്തപുരത്ത് നടക്കുന്ന എം.എൽ.എമാരുടെ യോഗം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകും.

V.D. Satheesan’s camp is making strategic moves to gain the support of MLAs currently aligned with K.C. Venugopal and Ramesh Chennithala. They are urging MLAs to name Satheesan as their second choice during individual meetings with High Command observers. Additionally, the Satheesan faction has requested to exclude Deepa Dasmunshi from the consultations to ensure unbiased feedback. While support is emerging from grassroots workers in places like Wayanad, senior leaders are closely watching the observers’ report.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News