തിരുവനന്തപുരം: ശമ്പളക്കുടിശ്ശിക വിവാദത്തിന് പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് തലവേദനയായി പുതിയ വിവാദം. ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കടുത്ത പരിഹാസമാണ് ചിന്താ ജെറോമിനെതിരെ ഉന്നയിക്കപ്പെടുന്നത്. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാണ് എന്ന് പ്രബന്ധത്തില്‍ രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
2021-ല്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ഗവേഷണം പൂര്‍ത്തീകരിച്ചത് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. പി. പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു. നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പ്രസ്തുത ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍ തന്നെയാണ് ഗുരുതര പിഴവുള്ളത്.
നവലിബറല്‍ ആശയങ്ങളുടെ സ്വാധീനത്തില്‍ 1980കളില്‍ മലയാള സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോഴാണ് പ്രബന്ധത്തില്‍ ഗുരുതര പിഴവ് കടന്നുകൂടുന്നത്. ഇടത് സര്‍ക്കാര്‍ രൂപം നല്‍കിയ കേരളത്തിന്റെ അനുകരണീയമായ ആശയങ്ങള്‍ക്കു എതിരും നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലും വിപ്ലവത്തിലും വെള്ളം ചേര്‍ക്കുന്നതുമാണ് പ്രിയദര്‍ശന്റേയും രഞ്ജിത്തിന്റേയും സിനിമകള്‍ എന്നാണ് പ്രബന്ധത്തില്‍ പറയുന്നത്.
കേരളത്തിന്റെ പ്രമുഖ നവോത്ഥാന കവിയായ വൈലോപ്പിള്ളിയുടെ വാഴക്കുല എന്നാണ് തുടര്‍ന്ന് വരുന്ന വരിയില്‍ ചിന്ത വിശേഷിപ്പിക്കുന്നത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ സിനിമ ആര്യനില്‍ വാഴക്കുല കാലഹരണപ്പെട്ടതാണെന്ന് തുറന്നുപറഞ്ഞുവെന്ന് പ്രബന്ധത്തില്‍ പറയുന്നു.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ‘ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ.എന്‍.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ലെ’ന്നായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറിന്റെ പരിഹാസം. അതേസമയം, പി.എച്ച്.ഡി. പ്രബന്ധങ്ങളില്‍ അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിഴവുകളും ഇനിയുമുണ്ടാവുമെന്നും ഇത് സ്വാഭാവികമാണെന്നുമുള്ള അവകാശവാദവുമായും ചിന്തയ്ക്ക് അനുകൂലമായ വാദം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.