രണ്ടുദിവസം കഴിഞ്ഞിട്ടും കടുവയെ കാടുകയറ്റാനായില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, ആശങ്കയിൽ തുടരുന്നു

പനമരം(വയനാട്): പച്ചിലക്കാട്ടെ ജനവാസമേഖലയിലെത്തി ആശങ്കപരത്തുന്ന കടുവയെ തുരത്താൻസാധിക്കാത്തതിനാൽ മയക്കുവെടിവെച്ച് പിടികൂടാനുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി. കടുവയെ കാടുകയറ്റുന്നതും പരാജയപ്പെട്ട സ്ഥിതിക്ക് ബുധനാഴ്ച ആദ്യം കൂടുവെച്ച് പിടികൂടാൻ ശ്രമം നടത്തും. ഇത് പരാജയപ്പെട്ടാൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങളായിരിക്കും നടക്കുക. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽനിന്ന്‌ ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ രണ്ടുദിവസം പിന്നിട്ടിടും പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്.

തിങ്കളാഴ്ച പച്ചിലക്കാട് പടിക്കംവയൽ പരിസരത്തുണ്ടായിരുന്ന കടുവ ചൊവ്വാഴ്ച ഒന്നരക്കിലോമീറ്ററോളം മാറി പുളിക്കൽവയലിലെത്തി. പുളിക്കൽവയലിലെ ഉന്നതിക്ക് സമീപമുള്ള ജനവാസമേഖലയോട് ചേർന്നുകിടക്കുന്ന നെൽപ്പാടത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. ചൊവ്വാഴ്ച രാവിലെതന്നെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലുള്ള വനപാലകസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. മുത്തങ്ങയിൽനിന്ന്‌ കുങ്കിയാനകളെയെത്തിച്ചും പരിശോധന തുടർന്നു. രാത്രി എട്ടരയോടെ പടക്കംപൊട്ടിച്ച് വനത്തിലേക്ക് തുരത്താൻശ്രമിക്കുന്നതിനിടെ കടുവ എരനെല്ലൂർകുന്ന് ഭാഗത്തേക്ക് നീങ്ങി. രാത്രിവൈകിയും ദൗത്യം തുടരുകയാണ്.

പനമരം മേച്ചേരിവയലിൽ നിലകൊണ്ടിരുന്ന കടുവ രാത്രി 8.30 -ന് വനപാലകർ പടക്കം പൊട്ടിച്ചപ്പോൾ എരനെല്ലൂർ മേച്ചേരിക്കുന്നിലേക്ക് ഓടിക്കയറി.തിങ്കളാഴ്ച രാത്രിമുതൽ കടുവ കണിയാമ്പറ്റയിലെയും പനമരത്തെയും വിവിധ പ്രദേശങ്ങളിൽ എത്തിയതായി അഭ്യൂഹങ്ങൾ പരന്നു. ചീക്കല്ലൂർ, നീർവാരം, പള്ളിക്കുന്ന്, കൈപ്പാട്ടുകുന്ന് തുടങ്ങിയ ഇടങ്ങളിലെല്ലാം കടുവയെത്തിയതായി അഭ്യൂഹങ്ങൾ പരന്നതോടെ അഞ്ച് യൂണിറ്റുകളായി തിരിഞ്ഞ് ദൗത്യം തുടർന്നു.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെ ചീക്കല്ലൂരിലെ കേശവമാരാരുടെ തോട്ടത്തിൽ കാപ്പിപറിക്കുകയായിരുന്ന തൊഴിലാളികൾ കടുവയെ കണ്ടതായി വിവരമെത്തി. ഇതേത്തുടർന്ന് പടിക്കംവയൽ ഭാഗത്ത്‌ തമ്പടിച്ചിരുന്ന വനപാലകസംഘം ചീക്കല്ലൂരിലേക്ക് പുറപ്പെട്ടു. ഇവിടെ കാൽപ്പാടുകൾ ദൃശ്യമായിരുന്നു. ഈ കാൽപ്പാടുകളും കടുവയുടെതാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് തിരച്ചിലിനിറങ്ങിയവരെല്ലാം മേച്ചേരി ഭാഗത്തേക്കെത്തി കടുവയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി. 11.30-ഓടെ പച്ചിലക്കാട് എരനെല്ലൂർ ഭാഗത്തേക്ക് കുങ്കിയാനകളെ എത്തിച്ചിരുന്നു.

കടുവയെ പിടികൂടാനായി പടിക്കൽവയൽ സ്വദേശി ശ്രീനിവാസന്റെ വീട്ടുമുറ്റത്തേക്ക് കൂട്‌ ട്രാക്ടറിൽ എത്തിച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ പുളിക്കൽവയലിൽ തമ്പടിച്ച ചിലർ കടുവയെ നേരിൽക്കണ്ടു. ഇതോടെ സൗത്ത് വയനാട് ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനപാലകസംഘം സ്ഥലത്തേക്കെത്തി. കടുവ മേച്ചേരിയിൽത്തന്നെ ഉണ്ടെന്നുള്ള നിഗമനത്തിലായിരുന്നു പിന്നീടുള്ള തിരച്ചിൽ. പനമരം-മേച്ചേരി-കൂടോത്തുമ്മൽ റോഡിൽ ഗതാഗതം പൂർണമായും നിയന്ത്രിച്ച് പ്രദേശം മുഴുവൻ വളഞ്ഞുള്ള ദൗത്യമാണ് പിന്നീട് നടന്നത്. ഇതിനിടെ വനംവകുപ്പിന്റെ ഡ്രോണിൽ കടുവയുടെ ദൃശ്യം വീണ്ടും പതിഞ്ഞു. പ്രദേശത്തെ കാടുമൂടിയ ഇടത്ത് വിശ്രമിക്കുന്നരീതിയിലായിരുന്നു കടുവ.

രണ്ടുദിവസമായിട്ടും കടുവ വളർത്തുമൃഗങ്ങളെയോ മറ്റോ ആക്രമിച്ചിട്ടില്ല. അതിനാൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനും കൂടുവെച്ച് പിടികൂടാനുമുള്ള സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നു. അതിനാൽ കടുവയെ മൂന്ന് കിലോമീറ്റർ മാറിയുള്ള പാതിരി സൗത്ത് സെക്‌ഷനിലെ വനത്തിലേക്ക് തുരത്താനായിരുന്നു വനപാലകരുടെ പദ്ധതി. എന്നാൽ, സമീപത്തെ ചീക്കല്ലൂരിലെ നെൽപ്പാടങ്ങളിലും തോട്ടങ്ങളിലും ഒട്ടേറെ തൊഴിലാളികൾ ജോലിക്കുപോയിരുന്നു. ഇവരെ സുരക്ഷിതരാക്കേണ്ടതും പനമരം-നെല്ലിയമ്പം, പനമരം-നടവയൽ എന്നീ പ്രധാനറോഡുകൾ അടയ്ക്കേണ്ടതും വനപാലകർക്ക് വെല്ലുവിളി ഉയർത്തി.

മേച്ചേരിയിൽ കടുവയെത്തിയതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയതും പ്രതിരോധത്തിലാക്കി. കടുവ തമ്പടിച്ച പ്രദേശത്തിനുചുറ്റും ചെറിയ കുന്നുകളും തോട്ടങ്ങളും ഉൾപ്പെടുന്ന പ്രദേശമാണ്. ഇതിന്റെ ഓരങ്ങളിലായി ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുമുണ്ട്.

അതിനാൽ ജാഗ്രതാനിർദേശങ്ങളെല്ലാം നൽകിക്കൊണ്ടായിരുന്നു വനപാലകസംഘത്തിന്റെ നീക്കം. രാത്രി 6.30-ഓടെ കടുവയെ വനത്തിലേക്ക് തുരത്താനുള്ള ദൗത്യം തുടർന്നെങ്കിലും കടുവ മേച്ചേരിയിൽനിന്നും നീങ്ങാൻ കൂട്ടാക്കിയില്ല. കടുവയെ പടക്കംപൊട്ടിച്ച് തുരത്താനുള്ള ശ്രമങ്ങൾ ഉൾപ്പെടെ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ പടിക്കംവയൽ നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനവാസമേഖലയിലേക്ക് ഇറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുപോവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. തുടർന്നും കടുവ ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ വലിയ അപകടസാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതിനിടെ കടുവയുടെ സാന്നിധ്യം ഉണ്ടായതിന്‌ സമീപത്തായി പടിക്കംവയലിൽ ഒരു കുരങ്ങിനെ ചത്തനിലയിൽ കണ്ടു. വനപാലകരെത്തി കുരങ്ങിനെ ചാക്കിലാക്കി തുടർനടപടികൾക്കായി കൊണ്ടുപോയി.

തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് വനമില്ലാത്ത പച്ചിലക്കാട് പടിക്കംവയലിലെ കൃഷിയിടത്തിൽ കടുവയെ കണ്ടത്. തുടർന്ന് വനപാലകരെത്തി കാൽപ്പാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിക്കുകയും വൈകീട്ട് 5.30-ഓടെ വനപാലകസംഘത്തിന്റെ തെർമൽഡ്രോണിൽ കടുവയുടെ ചിത്രം പതിയുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയിൽ വനപാലകസംഘവും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഡ്രോൺനിരീക്ഷണം ഉൾപ്പെടെ നടത്തിയെങ്കിലും തുരത്താനായില്ല. പുലർച്ചെ കടുവ പടിക്കംവയലിൽനിന്നും എരനല്ലൂർ വഴി മേച്ചേരിയും താണ്ടി പനമരം ചെറുപുഴവരെ എത്തിയതായാണ് വനപാലകർ പറയുന്നത്. എന്നാൽ, തിരികെ വീണ്ടും മേച്ചേരിയിലെത്തി തമ്പടിക്കുകയായിരുന്നു. അതേസമയം, ജാഗ്രതയുടെ ഭാഗമായി പ്രദേശത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധിനൽകിയിരുന്നു. കണിയാമ്പറ്റ, പനമരം ഭാഗത്തെ കടുവഭീഷണിയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞയും ഉണ്ടായിരുന്നു. അഞ്ചുവയസ്സുള്ള ആൺകടുവയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് സൗത്ത് വയനാട് ഡിഎഫ്ഒ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. എന്നാൽ, കടുവയ്ക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ്.

ജനവാസമേഖലയിൽ കടുവയെ കണ്ടെത്തിയ സാഹചര്യത്തിൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്കൂളുകൾക്ക് ബുധനാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പച്ചിലക്കാട്ടെ ജനവാസമേഖലയിലെത്തിയ കടുവ ചൊവ്വാഴ്ച ഉച്ചയോടെ പനമരം മേച്ചേരിയിലെ പുളിക്കൽ വയലിൽ കണ്ടെത്തി. പുളിക്കൽ വയലിലെ ഉന്നതിക്കു സമീപമുള്ള ജനവാസമേഖലയോടു ചേർന്നുകിടക്കുന്ന നെൽപ്പാടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. കുങ്കിയാനകളെ എത്തിച്ചും പടക്കംപൊട്ടിച്ചും കടുവയെ കാട്ടിലേക്കു തുരത്താനുള്ള ശ്രമം രാത്രിയും തുടരുകയാണ്. ഇത് വിജയിച്ചില്ലെങ്കിൽ കൂടുവെച്ചോ മയക്കുവെടിവെച്ചോ പിടികൂടാനും ഉത്തരവിറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലെയും, കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാർഡുകളായ ചീങ്ങാടി, ചിത്രമൂല, വരദൂർ, പച്ചിലക്കാട്, മില്ലുമുക്ക് എന്നിവിടങ്ങളിലെയും സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ബുധനാഴ്ച കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

തിരുനെല്ലി പോത്തുമൂല എമ്മടിയിൽ കടുവ പശുക്കിടാവിനെ കൊന്നു. എമ്മടി എ.എം. സുബ്രഹ്മണ്യന്റെ ഒന്നരവയസ്സുള്ള എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കിടാവാണ് ചത്തത്. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം.

വനപ്രദേശവുമായി അതിരിടുന്ന ഭാഗത്താണ് സുബ്രഹ്മണ്യന്റെ വീട്. തൊഴുത്തുവൃത്തിയാക്കുന്നതിനാണ് വീട്ടിൽനിന്നു ഏകദേശം അൻപതുമീറ്റർ മാറിയുള്ള പറമ്പിൽ പശുവിനെ കെട്ടിയിട്ടത്. തൊഴുത്ത്‌ വൃത്തിയാക്കിയശേഷം കിടാവിനെ അഴിക്കാൻ വന്നപ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്. സമീപത്തുതന്നെ അമ്മപ്പശുവുമുണ്ടായിരുന്നെങ്കിലും കടുവ ഇതിനെ ആക്രമിച്ചില്ല.

ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യമുണ്ടെങ്കിലും കടുവശല്യം ആദ്യമായാണെന്നു സുബ്രഹ്മണ്യൻ പറഞ്ഞു. വിവരമറിഞ്ഞ് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. മാധവന്റെ നേതൃത്വത്തിലുള്ള വനപാലകരും തിരുനെല്ലി എസ്.ഐ. സജിമോൻ പി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസും ഗ്രാമപ്പഞ്ചായത്തംഗം രാജേഷും സ്ഥലത്തെത്തി. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.

കാട്ടിക്കുളം വെറ്ററിനറി സർജൻ ഡോ. അജേഷ് കുര്യാക്കോസ് സ്ഥലത്തെത്തി പശുക്കിടാവ് ചത്തത് കടുവയുടെ ആക്രമണത്തിലാണെന്ന് സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പ് നൽകുന്ന വാല്യുവേഷന്റെ അടിസ്ഥാനത്തിൽ ഉടമയ്ക്കു നഷ്ടപരിഹാരം നൽകും. വനപാലകരുടെ നേതൃത്വത്തിൽ പശുക്കിടാവിന്റെ ജഡം സുബ്രഹ്മണ്യന്റെ പറമ്പിൽത്തന്നെ മറവുചെയ്തു.

കടുവയുടെസാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വനംവകുപ്പ് ജാഗ്രത പുലർത്തി ജനങ്ങളുടെ ഭീതിയകറ്റണമെന്നു സ്ഥലത്തെത്തിയ ജില്ലാപഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ നിയുക്ത അംഗം കെ.ആർ. ജിതിൻ ആവശ്യപ്പെട്ടു. മുൻപ്‌ പനവല്ലിയിൽ കടുവ സ്ഥിരമായി ഭീതിയുയർത്തിയിരുന്നു. കൂടുവെച്ചു പിടിച്ചശേഷമാണ് ജനങ്ങളുടെ ഭീതിയകന്നത്. ജനവാസകേന്ദ്രങ്ങളിൽ കടുവയിറങ്ങാതിരിക്കാനുള്ള നടപടി വനപാലകർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടുവയുടെ സഞ്ചാരം നിരീക്ഷിക്കാൻ വനപാലകർ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം. മാധവന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ. അനീഷ്, ടി.കെ. നന്ദകുമാർ, സി. അന്റോണിയോ എന്നിവരാണ് പ്രവർത്തനങ്ങൾ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News