തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി;ബിഡിജെഎസ് മുന്നണി വിടാൻ ഒരുങ്ങുന്നു

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തോൽവിയെത്തുടർന്ന് എൻ.ഡി.എ. വിടാൻ ബി.ഡി.ജെ.എസിൽ കടുത്ത സമ്മർദം. ബി.ജെ.പി.യുടെ അവഗണന നേരിട്ട് മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് വലിയ വിഭാഗം നേതാക്കളുടെ വികാരം.

സീറ്റു വീതിക്കലിനെച്ചൊല്ലി തിരഞ്ഞെടുപ്പിനു മുൻപേ ബി.ഡി.ജെ.എസ്. ഇടഞ്ഞിരുന്നു. ശക്തികേന്ദ്രങ്ങളിൽപ്പോലും അവഗണിക്കുന്നുവെന്നും നേതൃത്വം തീരുമാനിച്ച സ്ഥലങ്ങളിൽപ്പോലും ബി.ജെ.പി.ക്കാർ വേറെ പത്രിക നൽകുന്നുവെന്നുമായിരുന്നു പരാതി. തുടർന്ന്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പളളിയും ചേർത്തലയിൽ കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് അവകാശപ്പെട്ടെങ്കിലും താഴെത്തട്ടിൽ പ്രകടമായില്ല.

ബി.ഡി.ജെ.എസിന് 40 നിയോജകമണ്ഡലങ്ങളിൽ മാത്രമേ സീറ്റു നൽകിയുള്ളൂ. അവിടെയും ബദൽ സ്ഥാനാർഥികളെ നിർത്തി, ആർക്കും വേണ്ടാത്ത സീറ്റു നൽകി, പിടിവാശിമൂലം ചേർത്തല മേഖലയിലെ പലയിടങ്ങളിലും ഇരുപാർട്ടികൾക്കും സ്ഥാനാർഥികളില്ലാതായി തുടങ്ങിയ പരാതികളാണ് നേതാക്കൾക്കുള്ളത്. പോസ്റ്റർ അടിച്ചതിനുശേഷം പിൻമാററേണ്ടിവന്നവരുമുണ്ട്. പരസ്പരം മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.

താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് അധികാരത്തിന്റെ ഭാഗമാകാൻ സാധിക്കുമായിരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പൂർണമായി അവഗണിക്കപ്പെട്ടതിനാൽ ഇനി അണികളോടു പറഞ്ഞുനിൽക്കാനാകില്ലെന്നാണ് നേതാക്കളുടെ വികാരം. കൊച്ചി കോർപ്പറേഷനിൽ കഴിഞ്ഞതവണ രണ്ടാമതെത്തിയ സീറ്റ് ബി.ജെ.പി. പിടിച്ചെടുത്ത് മത്സരിച്ചു തോറ്റതും ഇവർ ചൂണ്ടിക്കാട്ടുന്നു.

എസ്.എൻ.ഡി.പി. യോഗം നേതൃത്വത്തെ ഒട്ടേറെ യൂണിയനുകൾ വികാരം അറിയിച്ചിട്ടുണ്ട്. പാർട്ടി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടവർ പോലുമുണ്ട്. കുറെ നേതാക്കൾ നേരത്തേതന്നെ ബി.ജെ.പി.യിൽ ചേർന്നിരുന്നു. മറ്റുചിലർ മാതൃസംഘടനകളിലേക്കു മടങ്ങണമെന്ന വികാരത്തിലാണ്. വിലപേശൽ ശക്തിയായി എൻ.ഡി.എ.യിൽ തുടരണമെന്ന വാദക്കാരുമുണ്ട്.

രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമുള്ളതിനാൽ മുന്നണിവിടുന്നതിനോടു തുഷാർ വെള്ളാപ്പള്ളി യോജിക്കുന്നില്ല. യോഗം നേതൃത്വത്തിന്റെ നിലപാടനുസരിച്ചാകും തുടർനടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News