KeralaNews

വാവാ സുരേഷ് ആശുപത്രി വിട്ടു; തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് പ്രതികരണം

കോട്ടയം: ജീവതത്തിനും മരണത്തിനും ഇടയിലൂടെ കടന്നുപോയ ദിനങ്ങളെ പഴങ്കഥകളാക്കി വാവാ സുരേഷ് വീണ്ടും സമൂഹത്തിലേക്ക് ഇറങ്ങി. ഇന്നു രാവിലെ അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടു. മന്ത്രി വി.എന്‍. വാസവനും ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘവും വന്‍ മാധ്യമപ്പടയും അദ്ദേഹം ആശുപത്രി വിടുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പാമ്പ് പിടിത്തക്കാരന്‍ വാവാ സുരേഷിനെ സ്വീകരിക്കാന്‍ വന്‍ ജനാവലിയും ആശുപത്രി പരിസരത്ത് എത്തിയിരുന്നു.

പ്രതികരണമാരാഞ്ഞ മാധ്യമങ്ങളെ നോക്കി കൈകൂപ്പിയ വാവാ സുരേഷ് ഇതു തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞു. പാമ്പ് കടിച്ചു കാറില്‍ വരുന്നതു മാത്രമേ ഓര്‍മയുള്ളെന്നും പിന്നീടു ദിവസങ്ങള്‍ക്കു ശേഷമാണ് തനിക്ക് ഓര്‍മശക്തി വീണ്ടു കിട്ടുന്നത്. അദ്ഭുതപ്പെടുത്തുന്ന പരിചരണമാണ് തനിക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ലഭിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമൊക്കെ വലിയ സ്‌നേഹത്തോടെ തന്നെ പരിചരിച്ചു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. തന്നെ ആശുപത്രിയില്‍ എത്തിച്ചവരുടെ ത്യാഗം മറക്കാനാവില്ല. – സുരേഷ് പറഞ്ഞു.

വാവാ സുരേഷ് സുരക്ഷിതത്വമില്ലാതെയാണ് പാമ്പ് പിടിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ടല്ലോ അതിനെക്കുറിച്ച് എങ്ങനെ പ്രതികരിക്കുന്നുവെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍, ഈ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ശാസ്ത്രീയമായി പാമ്പ് പിടിക്കുന്നവരെന്നു പറയുന്നവര്‍ തന്നെ പാമ്പ് കടിയേറ്റ് ആശുപത്രിയിലായ സംഭവങ്ങള്‍ തനിക്ക് അറിയാമെന്നും വാവാ സുരേഷ് പ്രതികരിച്ചു.

പാമ്പിനെ പിടിത്തം അപകടകരമായ ജോലിയാണ്. ആര്‍ക്കും ഇത്തരം അവസ്ഥകളൊക്കെ നേരിടാം. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തനിക്കെതിരേ പലേടത്തും പ്രചാരണം നടത്തുന്നുണ്ടെന്നും തന്നെ പാമ്പ് പിടിക്കാരന്‍ എന്നു വിളിക്കരുതെന്ന് അദ്ദേഹം പലരോടും പറയാറുണ്ടെന്നും സുരേഷ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button