കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
തലച്ചോറിലേക്കുള്ള രക്തയോട്ടം ഇന്നലത്തെ അവസ്ഥയില്‍ തുടരുകയാണ്. ബോധം തിരിച്ചു കിട്ടാത്തതാണ് ഡോക്ടര്‍മാരെ ആശങ്കയില്‍ ആക്കുന്നത്.
ഇന്നലെ രാത്രി തലച്ചോറിന്റെ സിടി സ്കാന്‍ നടത്തി. തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയാക്കാന്‍ ന്യൂറോ മരുന്ന് പ്രയോഗിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഉച്ചയ്ക്ക് 2 മണിക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മാധ്യമങ്ങളെ കാണും. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡും ചേരുന്നുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണത്തോട് ശരീരം പ്രതികരിച്ചത് ആശ്വാസമാണ്. ഹൃദയമിടിപ്പും നാഡിമിടിപ്പും ഇന്നലത്തെ പോലെ സാധാരണ രീതിയില്‍ ആണ്. ചോദ്യങ്ങളോട് തലയാട്ടിക്കൊണ്ട് പ്രതികരിക്കുന്നുണ്ട്. കൈകാലുകളും ചലിപ്പിക്കുന്നുണ്ട്. 48 മണിക്കൂര്‍ സമയപരിധി അവസാനിക്കുന്ന ഇന്ന് നാല് മണി വരെയുള്ള സമയം നിര്‍ണായകമാണ്.
കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ച് കഴിഞ്ഞ ദിവസമാണ് വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്‍റെ മേല്‍നോട്ടത്തിലാണ് വാവ സുരേഷിന്‍റെ ചികിത്സ.
രണ്ടാഴ്ച മുന്‍പാണ് വാവ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവ സുരേഷിന്‍്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.