പതിമൂന്ന് വര്‍ഷം മുന്‍പ് കല്യാണം കഴിച്ചു, പാമ്പുകളുമായുള്ള ജീവിതത്തിന് തടസമെന്ന് തോന്നിയപ്പോള്‍ ഒഴിഞ്ഞു; മനസ് തുറന്ന് വാവ സുരേഷ്

പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് വീണ്ടും ടെലിവിഷനില്‍ സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടന്‍ ജഗദീഷ് അവതാരകനായിട്ടെത്തുന്ന ‘പടം തരും പണം’ പരിപാടിയില്‍ പങ്കെടുത്ത് വാവ സുരേഷ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

ഇതുവരെ അധികമൊന്നും വാവ സുരേഷ് തുറന്നുപറയാത്ത തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒടുവില്‍ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. പതിമൂന്ന് വര്‍ഷം മുമ്പ് താന്‍ കല്യാണം കഴിച്ചിരുന്നതായും പിന്നീട് തന്റെ താല്‍പര്യപ്രകാര തന്നെ വിവാഹമോചനം തേടിയെന്നും വാവ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വര്‍ഷം മുന്‍പ്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസില്‍ ഉള്‍കൊള്ളാനോ സാധിക്കാത്തത് കൊണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. അവര്‍ക്ക് കുഴപ്പമുണ്ടെന്ന് ഞാന്‍ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടില്‍ നിന്ന് പോയാല്‍ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുള്‍ ടൈം യാത്രകള്‍ തന്നെയായിരുന്നു.’

‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂര്‍ണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോള്‍ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു’- വാവ സുരേഷ് പറയുന്നു. എന്റെ വിഷമങ്ങളും പ്രശ്‌നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാന്‍ ഞാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പരിപാടിയില്‍ തുറന്നു പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ഇതിനിടെ വാവ സുരേഷ് വെളിപ്പെടുത്തി. ‘എന്നും രാവിലെ ഒരു പെണ്‍കുട്ടിയ്ക്ക് റോസാപ്പൂ നല്‍കുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകള്‍ ഞാന്‍ കൊടുത്തു. പൂവ് കൊടുക്കുമ്പോള്‍ ചിരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവള്‍ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോള്‍ ഭര്‍ത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് കുടുംബത്തോടൊപ്പം എന്നെ കാണാന്‍ വന്നിരുന്നു’ സുരേഷ് പറഞ്ഞുനിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News