വത്തിക്കാന്: സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ ആര്‍ക്കും ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍. സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരണം നടപ്പാക്കണം. ആരാധനാക്രമം പൊതുവായ രൂപത്തിലേക്ക് വരുന്നത് ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ആര്‍ക്കും ഇളവ് നല്‍കുന്ന കാര്യം വത്തിക്കാന് പരിഗണിക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്‍ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രിഫക്ട് കര്‍ദിനാള്‍ ലിയണാര്‍ദോ സാന്ദ്രിയും സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജോ ദിമിത്രിയോ ഗല്ലാറോയും ഡിസംബര്‍ ഒമ്പതിന് ഒപ്പുവെച്ച കത്ത് ഡല്‍ഹി അപ്പസ്തോലിക് നുന്‍ഷിയേച്ചര്‍ വഴി ഇന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുടെ കാര്യാലയത്തില്‍ ലഭിച്ചു. അതുപ്രകാരം സഭയുടെ സിനഡ് അംഗീകരിച്ചതും മേജര്‍ ആര്‍ച്ച് ബിഷപ്പ് കല്‍പ്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവ് നല്‍കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കി.
കുര്‍ബാന ഏകീകരണം സംബന്ധിച്ച സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്താന്‍ എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനും പൗരസ്ത്യ തിരുസംഘം നിര്‍ദ്ദേശം നല്‍കി. കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ നിന്ന് ഇടവകകളെ പിന്‍തിരിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. സഭ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഉന്നത സമിതിയാണ് പൗരസ്ത്യ തിരുസംഘം.
അള്‍ത്താര അഭിമുഖ കുര്‍ബ്ബാന അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അങ്കമാലി അതിരൂപത വത്തിക്കാന് പരാതി നല്‍കിയിരുന്നു.ഇതിനുള്ള മറുപടിയിലാണ് കുര്‍ബാന ഏകീകരണത്തില്‍ ഇളവ് നല്‍കാനാകില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയത്. വത്തിക്കാനില്‍ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തെഴുതിയിട്ടുണ്ട്.
1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.
എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഒരു വിഭാഗം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പരിഷ്‌കരിച്ച കുര്‍ബാനയുമായി മുന്നോട്ട് പോകുമെന്നാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ നിലപാട്.