കൊച്ചി: എഫ്.സി.സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് വത്തിക്കാന്‍ പൗരസ്ത്യ തിരുസഭ അപ്പീല്‍ തള്ളിയത്. അതേസമയം ഒരു കാരണവശാലും മഠത്തില്‍ നിന്ന് ഇറങ്ങിക്കൊടുക്കില്ലെന്നും തന്റെ വശം സഭ ഇതുവരെ കേട്ടിട്ടില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.
എഫ്‌സിസി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഓഗസ്റ്റ് എട്ടിനാണ് സിസ്റ്റര്‍ ലൂസി കളപ്പുര തന്റെ ഭാഗം വ്യക്തമാക്കി വത്തിക്കാന് അപേക്ഷ നല്‍കിയത്. ഇന്ന് രാവിലെ കാരയ്ക്കാമലയിലെ മഠത്തില്‍ ലഭിച്ച മറുപടിയിലാണ് സിസ്റ്ററുടെ അപേക്ഷ വത്തിക്കാന്‍ തളളിയതായി പറയുന്നത്. ലത്തീന്‍ ഭാഷയിലുളള മറുപടിക്കത്തില്‍ 11 കാരണങ്ങള്‍കൊണ്ടാണ് അപ്പീല്‍ അംഗീകരിക്കാത്തത് എന്നും വ്യക്തമാക്കുന്നുണ്ട്.