‘കൊലപാതകത്തിലൂടെ നിശബ്ദരാക്കാന്‍ കഴിയില്ല’; കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോ പങ്കുവച്ച് വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമര്‍ശിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ വരുണ്‍ ഗാന്ധി കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോയും പങ്കുവച്ചു.

സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി പ്രതികരിക്കുന്നത്. ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.

അതിനിടെ കമ്മിഷന്‍ ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരില്‍ നിരപരാധികളുടെ അരുംകൊലയ്ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്‍. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News