വണ്ടിപ്പെരിയാർ: ചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് ബാധ്യത സി.പി.എം. ഏറ്റെടുക്കും. പെൺകുട്ടിയുടെ അച്ഛന്റെ പേരിൽ പീരുമേട് താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.ഈ തുക 31-ന് നാലുമണിക്ക് വണ്ടിപ്പെരിയാറിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് കൈമാറുമെന്ന് ഏരിയാ സെക്രട്ടറി എസ്.സാബു പറഞ്ഞു.
ബാങ്കിൽനിന്ന് അഞ്ചുവർഷം മുമ്പ് അഞ്ചുലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്. ഇത് തിരിച്ചടയ്ക്കാൻ കെ.പി.സി.സി. സന്നദ്ധമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കുടുംബാംഗങ്ങളോട് മുമ്പ് പറഞ്ഞിരുന്നു. കേസിലെ പ്രതിയായിരുന്ന അർജുനെ വെറുതെവിട്ട കോടതിവിധി വന്നതിനുശേഷം പെൺകുട്ടിയുടെ വീട് സന്ദർശിച്ചപ്പോഴാണ് ഇരുവരും വായ്പയുടെ കാര്യം അറിയുന്നത്.
കെ.പി.സി.സി., ഡീൻ കുര്യാക്കോസ് എം.പി.യെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തി. വായ്പാബാധ്യത എത്ര രൂപയാകുമെന്നറിയുന്നതിന് ബാങ്കുകാരെയും കുടുംബാംഗങ്ങളെയും ബന്ധപ്പെട്ടുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് എം.പി. പറഞ്ഞു.ബാങ്ക് വായ്പാബാധ്യത തങ്ങൾ തീർത്തുകൊള്ളാമെന്ന് സി.പി.എം. നേതൃത്വം ഉറപ്പുനൽകിയിരുന്നതായി പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.