KeralaNews

പരീക്ഷണ ഓട്ടം പൂർത്തിയാക്കി; വന്ദേഭാരത് തിരുവനന്തപുരത്ത് തിരിച്ചെത്തി,സമയലാഭം 47 മിനിട്ട് മാത്രം

തിരുവനന്തപുരം: പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഉച്ചയ്ക്ക് 2.10-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് ഏഴ് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10 മിനിറ്റാണ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള പരീക്ഷണ ഓട്ടത്തിനെടുത്ത സമയം. തിരിച്ചുള്ള ഓട്ടത്തില്‍ പത്ത് മിനിറ്റ് അധികം. ആദ്യ പരീക്ഷണ ഓട്ടം വിജയകരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. റെയില്‍വേ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

തിങ്കളാഴ്ച രാവിലെ 5.10-ന് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച ട്രയല്‍റണ്‍, ഉച്ചയ്ക്ക് 12.20-ഓടെയാണ് പൂര്‍ത്തിയാക്കിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രയല്‍ റണ്ണിനിടെ ട്രെയിന്‍ നിര്‍ത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി ഇനിയും നടന്നേക്കും. വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറിയാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്ന് നേരത്തെ വന്ദേഭാരതിന്റെ ലോക്കോപൈലറ്റ് എം.എ. കുര്യാക്കോസ് പറഞ്ഞിരുന്നു. ട്രാക്കുകള്‍ ശക്തിപ്പെടുത്തുന്ന പണി പൂര്‍ത്തീകരിച്ചാല്‍ ഇപ്പോള്‍ എത്തിയതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എട്ടു ലോക്കോ പൈലറ്റുമാരാണ് ആദ്യ പരീക്ഷണത്തില്‍ വന്ദേഭാരത് ഓടിച്ചത്. ഓരോ സ്‌റ്റേഷനുകള്‍ക്കിടയിലും എടുക്കാന്‍ കഴിയുന്ന വേഗം പരിശോധിക്കുക, പാളത്തിന്റെ ക്ഷമത വിലയിരുത്തുക, തുടങ്ങിയവയായിരുന്നു പരീക്ഷണയാത്രയുടെ ലക്ഷ്യം.

നിലവിലെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുമായി താരതമ്യം ചെയ്യുമ്പോൾ 47 മിനിറ്റിന്‍റെ സമയ ലാഭമേ കണ്ണൂരിലുള്ളവർക്കും കിട്ടൂ. തിരുവനന്തപുരത്തുനിന്ന്​ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പുറപ്പെടുന്ന രാജധാനി എക്സ്​പ്രസ്​ 7.57 മണിക്കൂർകൊണ്ട്​ കണ്ണൂരിലെത്തുന്നുണ്ട്​.

കോട്ടയത്തെത്തുന്ന സമയത്തിലും വലിയ അന്തരമില്ല. തിരുവനന്തപുരത്തുനിന്ന്​ രണ്ടു​ മണിക്കൂർ 19 മിനിറ്റിലാണ്​ വന്ദേഭാരത്​ കോട്ടയം തൊട്ടത്​. കേരള എക്സ്​പ്രസ്​ രണ്ടു​ മണിക്കൂർ 42 മിനിറ്റുകൊണ്ട്​ ​ ഈ ദൂരം പിന്നിടുന്നുണ്ട്​.​ കോട്ടയത്തേക്കുള്ള യാത്രക്കാർക്ക്​ ലഭിക്കുന്നത്​ 23 മിനിറ്റ്​ ലാഭം മാത്രം. മൂന്നു മണിക്കൂർ 18​ മിനിറ്റ്​ എടുത്ത്​ രാവിലെ 8.28നാണ്​ എറണാകുളം പിടിച്ചത്​. ഇതേസമയംകൊണ്ട്​ ഇതിലും കുറഞ്ഞ ചെലവിൽ എറണാകുളത്തെത്താമെന്നതാണ്​ നിലവിൽ സ്ഥിതി.

വന്ദേഭാരത്​ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്ടെത്തിയത്​ ആറു മണിക്കൂർ ആറ്​ മിനിറ്റിലാണ്​. രാജധാനി 6.42 മണിക്കൂറിൽ കോഴിക്കോട്ട്​​ ഓടിയെത്തുന്നുണ്ട്​. ജനശതാബ്​ദി 7.01 മണിക്കൂർ കൊണ്ടും. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരീക്ഷണയോട്ടത്തിൽ ട്രെയിനിലുണ്ടായിരുന്നു.

കണ്ണൂരിൽനിന്ന്​ ഉച്ചക്കു​​ ശേഷം മടക്കായാത്ര ആരംഭിച്ച ട്രെയിൻ രാത്രിയോടെ കൊച്ചുവേളിയിലെത്തി. പരീക്ഷണയാത്രയിലെ ശരാശരി വേഗം 70 കി.മീ ആണ്​. പരീക്ഷണയോട്ടത്തിൽ തന്നെ പല പ്രതിദിന-പ്രതിവാര സർവിസുകളെയും പിടിച്ചിട്ടാണ്​ വ​ന്ദേഭാരത്​ ഓടിയത്​​.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button