ഫഹദിനൊപ്പം അഭിനയിച്ചശേഷം രണ്ടാഴ്ച ഡിപ്രഷനടിച്ച് വീട്ടിലിരുന്നു; എല്ലാവരും എന്നെ പഴിച്ചു; നിഖില വിമൽ
കൊച്ചി:മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി നിഖില വിമല്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയിൽ എത്തിയതാണ് നിഖില. എന്നാൽ ദിലീപ് നായകനായ ലവ് 24×7 എന്ന സിനിമയിൽ നായികയായി എത്തിയതോടെയാണ് നിഖില ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ നിഖില തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളത്തിൽ തുടർച്ചയായി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകുന്നുണ്ട് നിഖില. ആസിഫ് അലി നായകനായ കൊത്ത് ആയിരുന്നു നിഖിലയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനു മുന്നേ പുറത്തിറങ്ങിയ ജോ ആൻഡ് ജോയിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. അയല്‍വാശിയാണ് നിഖിലയുടെ ഉടൻ റിലീസിനെത്തുന്ന ചിത്രം. സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് നിഖില ഇപ്പോൾ.
അതേസമയം, ഇതിനകം മലയാളത്തിലെ മിക്ക ശ്രദ്ധേയ താരങ്ങൾക്കൊപ്പവും സ്ക്രീൻ പങ്കിടാൻ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുതിയ ഒരു അഭിമുഖത്തിൽ ഓരോ നടന്മാർക്കൊപ്പവും അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നിഖില വിമൽ. ഫഹദിനൊപ്പം അഭിനയിച്ച് കഴിഞ്ഞ് രണ്ടാഴ്ച ഡിപ്രഷനടിച്ച് വീട്ടിൽ ഇരുന്നുവെന്നും നിഖില പറയുന്നുണ്ട്. വിശദമായി വായിക്കാം.
ശ്രീനിവാസൻ തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലാണ് നിഖില വിമല്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ചത്. ഒരുമിച്ച് വര്‍ക്ക് ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ച നടനാണ് ഫഹദ് ഫാസില്‍. സത്യന്‍ അങ്കിളിന്റെ സിനിമ കൂടെ ആയതുകൊണ്ട് അധികം ചിന്തിക്കേണ്ടി വന്നില്ലായിരുന്നു. ഫഹദ് നിന്നെ തേക്കുന്ന സിനിമയാണ് എന്നാണ് എന്നോട് പറഞ്ഞത്. അഭിനയിക്കുമ്പോഴും എനിക്ക് അത് തന്നെയായിരുന്നു തോന്നിയതെന്ന് നിഖില പറയുന്നു.
ആ സിനിമയിൽ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഞാൻ ഫഹദ് ഫാസിലിനെ ആദ്യമായി നേരിട്ട് കാണുന്നത്. അതിന് മുന്‍പോ ശേഷമോ യാതൊരു ബന്ധവും ഇല്ല. സിനിമ റിലീസായി നല്ല പ്രേക്ഷക പ്രീതിയും നേടി. എന്നാല്‍ രാണ്ടാഴ്ചയോളം എനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല.
എന്നും രാവിലെ ഓരോരുത്തര്‍ വിളിക്കും, നീ എന്തിനാടീ പ്രകാശനെ തേച്ചത് എന്ന് ചോദിച്ചു കൊണ്ടായിരിക്കും കോൾ. അവസാനം ഡിപ്രഷനായി വീട്ടില്‍ തന്നെ ഇരിക്കേണ്ടി വന്നു. എന്നും ഇത് പോലെ തെറി കോളുകളായിരുന്നെന്നും നിഖില പറഞ്ഞു.
ഇപ്പോഴും ഉണ്ട് ആ അനുഭവം. ലുലു മാളില്‍ ഒക്കെ ചെല്ലുമ്പോൾ ചിലര്‍ ചോദിക്കും, ഒരു മൂന്ന് ലക്ഷം രൂപ എടുക്കാനുണ്ടാവുമോ എന്ന്. എന്താണ് സംഗതി എന്ന് അറിയാതെ ഞാന്‍ മിഴിച്ചു നില്‍ക്കും. ജര്‍മന്‍കാരനെ കെട്ടിപ്പോയതല്ലേ, കാശ് കൈയ്യിലുണ്ടാവും എന്ന് പറയുമ്പോഴാണ് കാര്യം മനസ്സിലാവുന്നത്.
ഞാന്‍ എന്തോ മികച്ചതായി ചെയ്തത് കൊണ്ടല്ല, അത്രയധികം കണ്‍വിന്‍സിങ് ആയിട്ടാണ് ഫഹദ് പ്രകാശന്‍ എന്ന കഥാപാത്രത്തെ ചെയ്തത്. അതുകൊണ്ടാണ് പ്രേക്ഷകര്‍ എന്നെ പഴിക്കുന്നത് എന്നാണ് നിഖില വിമല്‍ പറയുന്നത്.
ഫഹദ് കൂടാതെ മമ്മൂട്ടി, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി തുടങ്ങിയവരെ കുറിച്ചും നിഖില അഭിമുഖത്തിൽ സംസാരിച്ചിരുന്നു. വലിയ മമ്മൂട്ടി ഫാന്‍ ഒന്നും അല്ല ഞാന്‍, പക്ഷെ മമ്മൂട്ടിയെ ഭയങ്കര ഇഷ്ടമാണ്. മമ്മൂട്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് സന്തോഷം തോന്നുമെന്നാണ് നടി പറഞ്ഞത്.
വര്‍ക്ക് ചെയ്യാന്‍ നേരം ഒരുപാട് കംഫര്‍ട്ട് ആക്കുന്ന നടനാണ് ദിലീപ്, എന്റെ ആദ്യത്തെ നായകനാണ്. ദുല്‍ഖര്‍ വളരെ കൂളാണ്. ബന്ധം എപ്പോഴും സൂക്ഷിക്കുന്ന വ്യക്തിയാണ്. ആസിഫ് വളരെ ജെനുവിനായിട്ടുള്ള വ്യക്തി ആയിട്ടാണ് തോന്നിയത് എന്നുമാണ് നിഖില പറഞ്ഞത്.
അതേസമയം, നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയൽവാശി. പെരുന്നാൾ റിലീസായി ഏപ്രിൽ 21-ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്ലൻ എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.